വെസ്റ്റ്ഹാമിന്റെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾക്ക് തിരിച്ചടി, ഡെക്ലാൻ റൈസിന് പരിക്ക്

Staff Reporter

പ്രീമിയർ ലീഗിൽ ടോപ് ഫോർ ഉറപ്പിച്ച് അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാമെന്ന വെസ്റ്റ്ഹാമിന്റെ മോഹങ്ങൾക്ക് കനത്ത തിരിച്ചടി. ഈ സീസണിൽ വെസ്റ്റ്ഹാമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ഡെക്ലാൻ റൈസിന്റെ പരിക്കാണ് ടീമിന് തിരിച്ചടിയായത്. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ഇംഗ്ലണ്ടിന് വേണ്ടി പോളണ്ടിനെതിരെ കളിക്കുന്ന സമയത്താണ് താരത്തിന് പരിക്കേറ്റത്.

കാൽമുട്ടിന് പരിക്കേറ്റ റൈസ് ഏകദേശം ഒരു മാസത്തോളം ടീമിന് പുറത്താവുമെന്നാണ് കരുതപ്പെടുന്നത്. ഇന്ന് നടക്കുന്ന വെസ്റ്റ്ഹാമിന്റെ വോൾവ്‌സിനെതിരായ മത്സരത്തിലും താരം കളിക്കില്ല. ഈ സീസണിൽ വെസ്റ്റ്ഹാമിന് വേണ്ടി മുഴുവൻ പ്രീമിയർ മത്സരങ്ങളും കളിച്ച താരമാണ് റൈസ്. യൂറോ കപ്പിൽ ഇംഗ്ലണ്ടിന് വേണ്ടി കളിക്കാമെന്ന റൈസിന്റെ പ്രതീക്ഷകൾക്കും തിരിച്ചടിയാണ് താരത്തിന്റെ പരിക്ക്.