“ഞായറാഴ്ച കട അവധി!!”, ഡി ഹിയയുടെ പ്രകടനം ആഘോഷിച്ച് ഫുട്ബോൾ ലോകം

Newsroom

ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിനെ തോൽപ്പിച്ചപ്പോൾ താരമായി മാറിയത് യുണൈറ്റഡിന്റെ സ്പാനിഷ് ഗോൾകീപ്പറായ ഡേവിഡ് ഡി ഹിയ ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് കീപ്പറുടെ പ്രകടനത്തെ എതിരാളികളായ ടോട്ടൻഹാം പരിശീലകൻ വരെ പുകഴ്ത്തി. നാലര വർഷത്തെ തന്റെ ടോട്ടൻഹാം കരിയറിൽ ഇത്ര നല്ല പ്രകടനം ടീം കാഴ്ചവെച്ചില്ല എന്ന് പറഞ്ഞ പൊചടീനോ ഒരു ഗോൾ കീപ്പർ 11 സേവുകൾ നടത്തിയാൽ താൻ എന്ത് ചെയ്യാൻ ആണെൻ പറഞ്ഞു. ഡിഹിയയുടെ സേവുകൾ അവിശ്വസിനീയം ആണെന്നും പൊചടീനോ പറഞ്ഞു.

ഡി ഹിയയുടെ പ്രകടനം സാധാരണ കാര്യം മാത്രമായിരുന്നു എന്നായിരുന്നു യുണൈറ്റഡ് പരിശീലകൻ ഒലെയുടെ അഭിപ്രായം. ഒന്നോ രണ്ടോ സേവുകൾ മാത്രമെ മികച്ച സേവുകൾ ആയുള്ളൂ. ബാക്കിയൊക്കെ ഡി ഹിയക്ക് സർവ്വ സാധാരണമാണെന്നും ഒലെ പറഞ്ഞു. ഡി ഹിയ ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർ ആകാനുള്ള മത്സരത്തിൽ ആണെന്നും വാൻ ഡെ സാറും പീറ്റർ ഷീമൈക്കിളിനും പിറകിൽ അല്ല ഡി ഹിയ എന്നും ഒലെ സൂചിപ്പിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളും ഡി ഹിയയെ പ്രശംസിച്ച് എത്തി. ഞായറാഴ്ച കട അവധി ആണ് എന്ന ഡി ഹിയ മീംസ് പങ്ക് വെച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഡി ഹിയയുടെ പ്രകടനത്തെ ആഘോഷിച്ചത്. മത്സര ശേഷം ഡി ഹിയയുടെ മുന്നിൽ ആശ്ചര്യം കൊണ്ട് തലയിൽ കൈവെക്കുന്ന മാറ്റയുടെ പ്രതികരണവും സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തു.

ഡി ഹിയയുടെ പൊസിഷനിംഗിനെ പ്രശംസിച്ച് ഇംഗ്ലീഷ് ഗോൾകീപ്പർ ബെൻ ഫോസ്റ്ററും എത്തി. സ്ട്രൈക്കർമാരുടെ ഷോട്ടുകൾ ഒക്കെ ഡി ഹിയക്ക് നേരെ ആകുന്നത് അത്ഭുതമല്ല എന്നും ഡി ഹിയയുടെ അസാമാന്യ പൊസിഷനിംഗ് ആണെന്നും ബെൻ ഫോസ്റ്റർ പറഞ്ഞു.