പോർച്ചുഗീസ് റൈറ്റ് ബാക്ക് ആയ ഡിയാഗോ ഡാലോടിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ നിലനിർത്തിയേക്കും. ഡാലോട്ടിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ എ സി മിലാൻ അവസാനിപ്പിച്ചതായാണ് വാർത്തകൾ. എ സി മിലാൻ താരത്തെ ലോണിൽ സ്വന്തമാക്കാൻ ഒരുക്കമായിരുന്നു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ആ ഓഫർ നിരസിച്ചു. വലിയ ലോൺ തുക ആവശ്യപ്പെടുകയും ചെയ്തു. ഡാലോടിനെ നിലനിർത്തി വാൻ ബിസാകയ്ക്ക് റൈറ്റ് ബാക്കിൽ വെല്ലുവിളി നൽകാൻ ആണ് യുണൈറ്റഡ് ആലോചിക്കുന്നത്.
പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഡാലോട്ട് നല്ല പ്രകടനം ആണ് കാഴ്ചവെച്ചത്. ഒരു ഗോളും താരം നേടിയിരുന്നു. ഡാലോട്ടിനെ നിലനിർത്തി ട്രിപ്പിയയെ സ്വന്തമാക്കാനുള്ള തീരുമാനം ഉപേക്ഷിക്കാൻ ആണ് യുണൈറ്റഡ് ഇപ്പോൾ ആലോചിക്കുന്നത്. കഴിഞ്ഞ സീസണിൽ മിലാനു വേണ്ടി നടത്തിയ പ്രകടനവും അണ്ടർ 23 യൂറോ കപ്പിൽ പോർച്ചുഗലിനായി നടത്തിയ ഡാലോട്ടിന്റെ പ്രകടനവും യുണൈറ്റഡ് പരിശീലകൻ ഒലെയെ ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിക്കാൻ കാരണമായി.
21 കാരനായ താരം മിലാനിൽ കഴിഞ്ഞ സീസണിൽ നിർണായക ഗോളുകൾ അടക്കം നേടിയിരുന്നു. പോർട്ടോയിൽ നിന്നായിരുന്നു രണ്ട് വർഷം മുമ്പ് 19കാരനായിരിക്കെ ഡിയാഗോ ഡാലോട്ട് യുണൈറ്റഡിലേക്ക് എത്തിയത്.