യുണൈറ്റഡിനു പിന്നാലെ ടോട്ടനത്തിനെയും ഞെട്ടിക്കുമോ ക്രിസ്റ്റൽ പാലസ്?

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയ്ക്ക് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ച ക്രിസ്റ്റൽ പാലസിനെ കരുതി തന്നെയാവും പോച്ചറ്റീനയുടെ ടീം നേരിടാൻ ഇറങ്ങുക. വലിയ ടീമുകൾക്ക് എതിരെ അവരുടെ മൈതാനത്ത് കഴിഞ്ഞ കുറേ സീസണുകളിൽ ആയി മികച്ച റെക്കോർഡ് ഉള്ള പാലസ് ടോട്ടനത്തിന്റെ മൈതാനത്ത് അത്ര എഴുതി തള്ളാവുന്ന എതിരാളി ആവില്ല. നാളെ ഇന്ത്യൻ സമയം 7.30 തിനാണ് ഈ മത്സരം നടക്കുക. പരിക്ക് വലക്കുന്നു എങ്കിലും ടോട്ടനത്തിനു ആശങ്കപ്പെടാൻ ഏറെയൊന്നും ഇല്ല. കഴിഞ്ഞ മത്സരങ്ങളിൽ കരുത്തരായ ആഴ്‌സണൽ, മാഞ്ചസ്റ്റർ സിറ്റി ടീമുകളോട് സമനില വഴങ്ങിയ ടീം ന്യൂ കാസ്റ്റിലോട് അപ്രതീക്ഷിതമായി തോൽവിയും ഏറ്റു വാങ്ങിയിരുന്നു. ചാമ്പ്യൻസ് ലീഗ് മുന്നിൽ എത്തി നിൽക്കുമ്പോഴും മികച്ച താരങ്ങളെ തന്നെ കളത്തിലിറക്കി ജയം പിടിക്കാൻ ആവും ഇപ്പോൾ ലീഗിൽ 9 മത് ഉള്ള ടോട്ടനത്തിന്റെ ശ്രമം.

മുന്നേറ്റത്തിൽ ഹാരി കെയിൻ ഗോളടി തുടർന്നു എന്നത് ഏത് എതിരാളിക്കും വലിയ ഭീഷണി ആണ്. ഒപ്പം സോണിന്റെ തിരിച്ചു വരവും ടോട്ടനത്തിനു കരുത്താകും. മധ്യനിരയിൽ എറിക്സന്റെ സാന്നിധ്യം വലിയ മുൻതൂക്കം ആണ് ടോട്ടനത്തിനു നൽകുക. പുതിയ താരങ്ങൾ ആയ ലോ സെലസോ, എന്റോബലെ എന്നിവർ പരിക്ക് മൂലം കളിക്കില്ല എങ്കിലും വിങ്ക്‌സ്, സിസോക്കോ, അലി, ലൂക്കാസ് മൗറ, ലമേല തുടങ്ങിയവരിൽ ആരെ വേണമെങ്കിൽ മധ്യനിരയിൽ പരീക്ഷിക്കാൻ പോച്ചറ്റീനോക്ക് ആവും. പ്രതിരോധത്തിൽ ആൾഡവരാൽ, വെർത്തോങൻ, ഡേവിസൻ സാഞ്ചസ്, ആന്റി റോസ് എന്നിവർ തന്നെ തുടരാൻ തന്നെയാണ് സാധ്യത. ക്യാപ്റ്റൻ ഹൂഗോ ലോറിസ് വലകാക്കുന്ന പ്രതിരോധം കടലാസിൽ സുശക്തമാണ്.

മറുവശത്ത് ആരെയും തങ്ങളുടെതായ ദിവസം തോല്പിക്കും എന്നത് തന്നെയാണ് റോയി ഹഡ്സന്റെ ടീമിനെ അപകടകാരികൾ ആക്കുന്നത്. ലണ്ടൻ നാട്ടങ്കത്തിൽ മികച്ച പ്രകടനം നടത്താൻ ഉറച്ച് തന്നെയാവും അവർ ഇറങ്ങുക. ഇപ്പോൾ ലീഗിൽ നാലാമത് ഉള്ള അവർക്ക് വളരെ മികച്ച തുടക്കം ആണ് ലഭിച്ചത്. ലീഗിൽ ഇപ്പോൾ ഏറ്റവും മികച്ച പ്രതിരോധം കൈമുതൽ ആയുള്ള അവർ കഴിഞ്ഞ മത്സരത്തിൽ യുണൈറ്റഡിനെ അവരുടെ മൈതാനത്ത് ഞെട്ടിച്ച ആത്മവിശ്വാസവുമായി ആവും കളത്തിൽ ഇറങ്ങുക. ഗുയേറ്റ വലകാക്കുമ്പോൾ മുൻ ചെൽസി താരം ടിം കാഹിലിന് ഒപ്പം ഡാൻ, വാർഡ്, വാൻ ആൽഹോൾട്ട് തുടങ്ങിയവർ അടങ്ങിയ പ്രതിരോധം മികച്ചത് ആണ്. സാക്കോക്ക് പുറമെ കെല്ലിക്കും ഇപ്പോൾ പരിക്കേറ്റത് അവർക്ക് വെല്ലുവിളി ആണ്. മധ്യനിരയിൽ ക്യാപ്റ്റൻ മിലവോജിവിച്ച് തന്നെയാണ് പാലസിന്റെ ഹൃദയം. ഒപ്പം കുയാറ്റെ, മാക്കാർത്തർ എന്നിവരും. സാഹ തന്നെ കേന്ദ്രബിന്ദു ആകുന്ന മുന്നേറ്റത്തിൽ ജോർദാൻ ആയുവും അപകടകാരിയാണ്. മുന്നേറ്റത്തിൽ ആന്ദ്രസ് തൗസന്റ്, ക്രിസ്റ്റ്യൻ ബെന്റക്കെ എന്നിവരെയും റോയി ഹഡ്സനു ഉപയോഗിക്കാം. പാലസിന് മുന്നിൽ വിയർക്കാതെ ജയിക്കാൻ ടോട്ടനത്തിനു ആവുക എന്നത് സംശയം തന്നെയാവും. മത്സരം സ്റ്റാർ നെറ്റവർക്കിൽ തത്സമയം കാണാവുന്നതാണ്.