ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തി. എവർട്ടനെ 3-1 നാണ് ഗാർഡിയോളയുടെ ടീം മറികടന്നത്. ജയത്തോടെ സിറ്റി ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. എങ്കിലും നാളെ ലിവർപൂൾ ജയിച്ചാൽ അവർക്ക് ഒന്നാം സ്ഥാനം തിരിച്ചെടുക്കാനാകും.
ആദ്യ പകുതിയിൽ ആദ്യ അവസരം ലഭിച്ചത് എവർട്ടനായിരുന്നു. പക്ഷെ റിച്ചാർലിസന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. പക്ഷെ 22 ആം മിനുട്ടിൽ സിറ്റിയുടെ ഗോളെത്തി. സാനെയുടെ പാസിൽ നിന്ന് ഗബ്രിയേൽ ജിസൂസ് ആണ് ഗോൾ നേടിയത്. ഫോമില്ലാതെ വിഷമിക്കുന്ന ജിസൂസിന് ആശ്വാസം പകരുന്ന ഗോളായി ഇത്. പിന്നീട് മഹ്‌റസിലൂടെ സിറ്റിക്ക് ലീഡ് ഉയർത്താൻ അവസരം ലഭിച്ചെങ്കിലും സിറ്റി ഗോളി പിക്ഫോർഡിന്റെ മികച്ച സേവ് രക്ഷക്കെത്തി.
രണ്ടാം പകുതി തുടക്കത്തിൽ തന്നെ സിറ്റി ലീഡ് രണ്ടാക്കി. ഇത്തവണയും സാനെയുടെ പാസിൽ നിന്ന് ഹെഡറിലൂടെ ജിസൂസ് തന്നെയാണ് ഗോൾ നേടിയത്. ഇതോടെ ലുക്മാൻ, വാൽകോട്ട് എന്നിവരെ മാർക്കോസ് സിൽവ കളത്തിൽ ഇറക്കി. 65 ആം മിനുട്ടിൽ കാൽവർട്ട് ലെവിനിലൂടെ എവർട്ടൻ ഗോൾ മടക്കിയെങ്കിലും 69 ആം മിനുട്ടിൽ സ്റ്റർലിംഗിലൂടെ സിറ്റി അവരുടെ 2 ഗോൾ ലീഡ് പുനസ്ഥാപിച്ചു. പിന്നീട് റിച്ചാർലിസന് മികച്ച മറ്റൊരു അവസരം ലഭിച്ചെങ്കിലും ഇത്തവണയും താരത്തിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. പിന്നീട് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാൻ എവർട്ടന് പറ്റാതെ വന്നതോടെ സിറ്റി ജയം ഉറപ്പാക്കി.