പ്രീമിയർ ലീഗിൽ സിറ്റിക്ക് വീണ്ടും ജയം. ബോൺമൗതിനെയാണ് സിറ്റി ഇത്തവണ മറികടന്നത്. ബെർനാടോ സിൽവ, റഹീം സ്റ്റെർലിങ്, ഇൽകായ് ഗുണ്ടകൻ എന്നിവർ നേടിയ ഗോളിൽ 3-1 നാണ് സിറ്റി ജയം നേടിയത്. ഇന്നത്തെ ജയത്തോടെ സിറ്റിക്ക് 14 കളികളിൽ നിന്ന് 38 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിന് 33 പോയിന്റാണ് ഉള്ളത് എങ്കിലും അവർക്ക് നാളത്തെ മേഴ്സി സൈഡ് ഡർബി ജയിച്ചാൽ പോയിന്റ് വിത്യാസം 2 പോയിന്റ് ആയി പുനഃസ്ഥാപിക്കാനാവും.
സിറ്റിയുടെ ആക്രമണ നിരയെ ഭയക്കാതെയുള്ള പ്രകടനമാണ് ബോൺമൗത് ആദ്യ പകുതിയിൽ നടത്തിയത്. മികച്ച പ്രതിരോധം തീർത്ത ബോൺമൗത് മികച്ച ഏതാനും അവസരങ്ങളും സൃഷ്ടിച്ചു. എങ്കിലും ആദ്യ പകുതിയിൽ ആദ്യ ഗോൾ നേടിയത് സിറ്റിയായിരുന്നു. 16 ആം മിനുട്ടിൽ ബെർണാണ്ടോ സിൽവയാണ് ഗോൾ നേടിയത്. പക്ഷെ ആദ്യ പകുതിക്ക് പിരിയും മുൻപേ കാലം വിൽസന്റെ മികച്ച ഹെഡറാണ് ചെറീസിന് സമനില സമ്മാനിച്ചത്.
രണ്ടാം പകുതിയിൽ സിറ്റിയുടെ സമ്പൂർണ്ണ ആധിപത്യമാണ് കണ്ടത്. ഇരു വിങ്ങിലും സാനെയും റഹീം സ്റ്റർലിംഗും നിറഞ്ഞാടിയപ്പോൾ ബോൺമൗത് പ്രതിരോധം വലഞ്ഞു. രണ്ടാം പകുതി പത്ത് മിനുട്ട് പിന്നിട്ടപ്പോൾ സ്റ്റർലിംഗിലൂടെ സിറ്റി ലീഡ് പുനഃസ്ഥാപിച്ചു. പിന്നീട് മികച്ച ഒരു നീക്കത്തിന് ഒടുവിൽ സാനെയുടെ പാസിൽ നിന്ന് ഗുണ്ടകൻ സിറ്റിയുടെ വിജയമുറപ്പിച്ച ഗോൾ നേടി.