സീസണിൽ രണ്ടാം തവണയും മാഞ്ചസ്റ്റർ സിറ്റി വോൾവ്സിനോട് തോറ്റു. ഇത്തവണ 3-2 നാണ് ചാമ്പ്യന്മാർ തോൽവി വഴങ്ങിയത്. 2 ഗോളുകൾക്ക് മുന്നിട്ട് നിന്ന ശേഷമാണ് ഗർഡിയോളയുടെ ടീം പോയിന്റ് നഷ്ടപ്പെടുത്തിയത്. ഇതോടെ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂളുമായുള്ള സിറ്റിയുടെ പോയിന്റ് വ്യത്യാസം 14 പോയിന്റായി. ലിവർപൂൾ ഒരു കളി കുറവാണ് കളിച്ചത് എന്നത് കണക്കിൽ എടുക്കുമ്പോൾ സിറ്റിക്ക് ഇനി കിരീട പ്രതീക്ഷ പുലർത്താനാവില്ല.
കളിയുടെ തുടക്കത്തിൽ തന്നെ എഡേഴ്സൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് സിറ്റിക്ക് തിരിച്ചടി ആയത്. പക്ഷെ റഹീം സ്റ്റർലിന്റെ പെനാൽറ്റിയിൽ ആദ്യ പകുതിയിൽ മുന്നിട്ട് നിന്ന അവർ രണ്ടാം പകുതിയിൽ സ്റ്റർലിംഗിന്റെ തന്നെ ഗോളിൽ ലീഡ് രണ്ടാക്കി. പക്ഷെ പിന്നീട് വോൾവ്സ് താരം ആദമ ട്രയോറെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 55 ആം മിനുട്ടിൽ ഗോൾ നേടിയ ട്രയോറെ പിന്നീട് 82 ആം മിനുട്ടിൽ ഹിമനസിന്റെ ഗോളിന് വഴി ഒരുക്കി സ്കോർ 2-2 ആക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. പിന്നീട് 89 ആം മിനുട്ടിൽ മികച്ച ഫിനിഷിലൂടെ ഡോഹർറ്റിയാണ് നൂനോ സാന്റോയുടർ ടീമിന്റെ വിജയ ഗോൾ നേടിയത്.