ഇന്ന് ഇംഗ്ലണ്ടിൽ വലിയ പോരാട്ടം ആണ് നടക്കുന്നത്. കിരീടം നിർണയിക്കുന്ന പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ നേരിടും. ഇന്ന് വിജയിച്ചാൽ സിറ്റിക്ക് കിരീടം ഉയർത്താം. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ റിഹേഴ്സലായാണ് ലോക ഫുട്ബോൾ പ്രേമികൾ ഈ മത്സരത്തെ കാണുന്നത്. ഈ മാസം അവസാനം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഈ ടീമുകൾ തന്നെയാണ് നേർക്കുനേർ വരേണ്ടത്.
ലീഗിൽ ഒന്നാമതുള്ള സിറ്റിക്ക് 80 പോയിന്റാണ് ഇപ്പോൾ ഉള്ളത്. രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 67 പോയിന്റും. ഇനി അവശേഷിക്കുന്നത് 4 മത്സരങ്ങളും. സിറ്റിക്ക് ഒരു വിജയം നേടിയാൽ ഇനി കിരീടം ഉറപ്പിക്കാം. ചെൽസിക്ക് ആകട്ടെ ഇന്നത്തെ മത്സരം സിറ്റിയേക്കാൾ നിർണായകമാണ്. ഇന്ന് ജയിച്ചാൽ അവർക്ക് ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്താൻ ആകും. ഇന്ന് പരാജയപ്പെട്ടാൽ ആകട്ടെ അവരുടെ നാലാം സ്ഥാനം തന്നെ ഭീഷണിയിലാവുകയും ചെയ്യും. അവസാനം ഇരുടീമുകളും എഫ് എ കപ്പ് സെമിയിൽ ഏറ്റുമുട്ടിയപ്പോൾ ചെൽസിക്ക് ആയിരുന്നു വിജയം.
ഇന്ന് കിരീടം ഉയർത്തുക ആണെങ്കിൽ സിറ്റിയുടെ ഏഴാം ലീഗ് കിരീടമാകും അത്. അവസാന നാലു വർഷങ്ങൾക്ക് ഇടയിലെ മൂന്നാം കിരീടവും. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം.