സിഞ്ചെങ്കോയുടെ കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ആയി ധാരണയിൽ എത്തി ആഴ്‌സണൽ, താരം ഉടൻ ആഴ്‌സണൽ താരമായേക്കും

Wasim Akram

ഗബ്രിയേൽ ജിസുസിനു ശേഷം തന്റെ പഴയ ക്ലബ് ആയ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു മറ്റൊരു താരത്തെ കൂടി ക്ലബിൽ എത്തിക്കാൻ ഉറച്ചു ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. യുക്രെയ്ൻ താരത്തിന്റെ കൈമാറ്റ തുകയിൽ മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സണലും തമ്മിൽ ധാരണയിൽ എത്തിയത് ആയി ആണ് സൂചന. ഏതാണ്ട് 30, 35 മില്യൺ യൂറോ ആയിരിക്കും ആഴ്‌സണൽ ഇടത് ബാക്ക് ആയ താരത്തിന് ആയി മുടക്കുക എന്നാണ് സൂചന. നിലവിൽ താരത്തിന്റെ ശമ്പളം കരാർ കാലാവധി എന്നിവയിൽ താരവും ആഴ്‌സണലും തമ്മിൽ ചർച്ചകൾ നടക്കുകയാണ്.

ആഴ്‌സണലിൽ എത്താൻ വലിയ താൽപ്പര്യം പ്രകടിപ്പിക്കുന്ന സിഞ്ചെങ്കോ ഏതാണ്ട് ക്ലബുമായി വാക്കാൽ കരാറിൽ എത്തി എന്നാണ് സൂചന. ആർട്ടെറ്റയുമായുള്ള ബന്ധവും ടീമിൽ കൂടുതൽ പ്രാധാന്യമുള്ള സ്ഥാനവും ലഭിക്കും എന്നത് ആണ് താരത്തിന്റെ പ്രധാന ആകർഷണം. അതേസമയം പ്രതിരോധത്തിലും മധ്യനിരയിലും തിളങ്ങാൻ സാധിക്കുന്ന താരത്തിന്റെ മികവ് ആണ് ആഴ്‌സണലിനെ താരത്തെ സ്വന്തമാക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. 25 കാരനായ സിഞ്ചെങ്കോ ടീമിൽ എത്തിയാൽ ഈ ട്രാൻസ്ഫർ ജാലകത്തിൽ ആഴ്‌സണൽ സ്വന്തമാക്കുന്ന നാലാമത്തെ താരം ആവും ഇത്.