ഗോളടിച്ച് സെന്റർ ബാക്കുകൾ, വെസ്റ്റ് ഹാം വെല്ലുവിളിയും കടന്ന് സിറ്റി

20210227 195128
Credit: Twitter
- Advertisement -

പെപ് ഗ്വാർഡിയോളയുടെ ടീമിന്റെ വിജയ കുതിപ്പ് തുടരുന്നു. മാഞ്ചസ്റ്റർ സിറ്റി ഇന്ന് തുടർച്ചയായ ഇരുപതാം വിജയമാണ് നേടിയത്. ഇന്ന് വെസ്റ്റ് ഹാമിനെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് ഗ്വാർഡിയോളയുടെ ടീം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. അഗ്വേറോ ആദ്യ ഇലവനിൽ എത്തിയിരുന്നു എങ്കിലും രണ്ട് സെന്റർ ബാക്കുകളുടെ ഗോളുകളാണ് പെപിന്റെ ടീമിന് ഇന്ന് വിജയം നൽകിയത്.

ആദ്യ പകിതിയിൽ 30ആം മിനുട്ടിൽ ദിബ്രുയിന്റെ ക്രോസിൽ നിന്ന് റൂബൻ ഡയസിന്റെ ഹെഡർ വലയിൽ എത്തി. ഡയസിന്റെ സിറ്റിക്കായുള്ള ആദ്യ ലീഗ് ഗോളായിരുന്നു ഇത്. ഈ ഗോളിനോട് നന്നായി പ്രതികരിച്ച വെസ്റ്റ് ഹാം ആദ്യ പകുതി അവസാനിക്കും മുമ്പ് സമനില പിടിച്ചു. ലിംഗാർഡിന്റെ അസിസ്റ്റിൽ നിന്ന് അന്റോണിയോ ആണ് വെസ്റ്റ് ഹാമിനായി ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ ആണ് സിറ്റിയുടെ വിജയ ഗോൾ വന്നത്. മെഹ്റസിന്റെ പാസിൽ നിന്ന് ഒരു കൂൾ ഫിനിഷിൽ സ്റ്റോൺസ് പന്ത് വലയിൽ എത്തിച്ചു. സ്റ്റോൺസിന്റെ ഈ സീസണിലെ നാലാം ഗോളായിരുന്നു ഇത്. ഈ വിജയം സിറ്റിക്ക് ഒന്നാം സ്ഥാനത്തുള്ള ലീഡ് 13 പോയിന്റിൽ എത്തിച്ചു. 62 പോയിന്റാണ് സിറ്റിക്ക് ഉള്ളത്. 45 പോയിന്റുള്ള വെസ്റ്റ് ഹാം നാലാം സ്ഥാനത്താണ്.

Advertisement