ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി വീണ്ടും വിജയ വഴിയിൽ. തുടർച്ചയായ 2 തോൽവികൾക്ക് ശേഷം സൗത്താംപ്ടനെ നേരിട്ട അവർ 1-3 നാണ് ജയം കരസ്ഥമാക്കിയത്. ജയത്തോടെ 47 പോയിന്റുള്ള സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്താണ്. 15 പോയിന്റ് മാത്രമുള്ള സൗത്താംപ്ടൻ 17 ആം സ്ഥാനത്താണ്.
പത്താം മിനുട്ടിൽ ഡേവിഡ് സിൽവയിലൂടെ സിറ്റിയാണ് ആദ്യ ഗോൾ നേടിയത്. പക്ഷെ 37 ആം മിനുട്ടിൽ സിറ്റി താരം സിഞ്ചെക്കോയുടെ പിഴവ് മുതലാക്കി ഹോബർഗ് സൗത്താംപ്ടനെ ഒപ്പമെത്തിച്ചു. പക്ഷെ 45 ആം മിനുട്ടിൽ സ്റ്റർലിംഗിന്റെ ഷോട്ട് തടയാനുള്ള ശ്രമത്തിനിടെ വാർഡ് പ്രൗസ് സെൽഫ് ഗോൾ വഴങ്ങിയതോടെ സിറ്റി ലീഡ് നേടി. പിന്നീട് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സിഞ്ചെക്കോയുടെ ക്രോസ് ഹെഡറിലൂടെ ഗോളാക്കി അഗ്യൂറോ സിറ്റിയുടെ ലീഡ് ഉയർത്തുകയായിരുന്നു.
രണ്ടാം പകുതിയിൽ സിറ്റിക്കെതിരെ കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നതോടെ സൗത്താംപ്ടൻ തോൽവി സമ്മതിക്കുകയായിരുന്നു. 85 ആം മിനുട്ടിൽ ഗോൾ സ്‌കോറർ ഹോബർഗ് ചുവപ്പ് കാർഡ് നേടി പുറത്തായത് സൗത്താംപ്ടന് മറ്റൊരു തിരിച്ചടിയായി.