ടെക്നിക്കൽ ഡയറക്ടർ സ്ഥാനത്തേക്ക് ആളെയെത്തിച്ച് ചെൽസി. നിലവിൽ മൊണാക്കോയിൽ ഇതേ സ്ഥാനം വഹിക്കുന്ന ലോറൻസ് സ്റ്റുവാർട് ആണ് ഇനി മുതൽ ചെൽസി ബോഹ്ലിയുടെ വലം കൈ ആയി എത്തുന്നത്. ഇതോടെ ദീർഘകാലം മരീന ഗ്രാനോവ്സ്കയ ഇരുന്ന സ്ഥാനത്തേക്ക് പകരക്കാരനെ എത്തിക്കാനുള്ള ബോഹ്ലിയുടെ നീക്കങ്ങൾക്ക് കൂടിയാണ് അന്ത്യമാകുന്നത്. എന്നാൽ ടീമിന്റെ നടത്തിപ്പിന് വേണ്ടിയുള്ള വിവിധ ഡയറക്ടർ സ്ഥാനങ്ങളിലേക്ക് ആളെ എത്തിക്കുന്ന നീക്കങ്ങൾ ചെൽസി ഇപ്പോഴും ശക്തമായി നടത്തിക്കൊണ്ടിരിക്കുകയാണ്.
ചെൽസിയിൽ പുതിയ കളിക്കാരുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ചാവും സ്റ്റുവാർട് പ്രവർത്തിക്കുക. മൊണാക്കോയിൽ എത്തുന്നതിന് മുൻപ് ആഗോള തലത്തിൽ തന്നെ റെഡ് ബുൾ ഗ്രൂപ്പിന്റെ സ്‌കൗട്ടിങ്ങിന്റെ തലപ്പത്ത് ഇരുന്ന വ്യക്തിയാണ് അദ്ദേഹം. നിലവിൽ ലോകത്തെ ഏറ്റവും മികച്ച യുവതാരങ്ങൾ കണ്ടെത്തി വാർത്തെടുക്കുന്ന ഒരു ശൃംഗലയുടെ തലവനായി ഇരുന്നയാളെ തന്നെയാണ് ചെൽസിക്ക് തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാൻ സാധിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി, എവർടൻ, ഇംഗ്ലണ്ട് ദേശിയ ടീം എന്നിവരുമായി ചേർന്ന് പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.
ചെൽസിയിൽ എത്താൻ കഴിഞ്ഞതിൽ താൻ സന്തോഷവാനാണെന്നും പുതിയ ഉടമകളുടെ കീഴിൽ ടീമിന്റെ പ്രവർത്തനത്തെ താൻ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത് എന്നും സ്റ്റുവാർട് പ്രതികരിച്ചു. പിച്ചിൽ തുടർച്ചയായ വിജയം കാണാനും മികച്ച താരങ്ങൾക്ക് തങ്ങളുടെ പ്രതിഭ വളർത്തിയെടുക്കാനും സാധിക്കുന്ന തരത്തിൽ ഒരു ഘടന വളർത്തിടുക്കാനുള്ള നീക്കത്തിൽ തനിക്ക് ചെൽസിയെ സഹായിക്കാൻ ആവും എന്നും അദ്ദേഹം പ്രത്യാശ പുലർത്തി. സ്റ്റുവാർടിനെ വിട്ട് നൽകിയതിന് ചെൽസി മൊണാക്കോയോട് നന്ദിയും അറിയിച്ചു.