ചെൽസിയുടെ ദുരിതം തീരുന്നില്ല, വോൾവ്‌സിനോടും സമനില

Staff Reporter

പ്രീമിയർ ലീഗിൽ ചെൽസിക്ക് വീണ്ടും സമനില. ഇന്ന് വോൾവിസിനെതിരെയാണ് ചെൽസി ഗോൾ രഹിത സമനിലയിൽ കുടുങ്ങിയത്. പരിക്കും കോവിഡ് ബാധയും തിരിച്ചടിയായപ്പോൾ പകരക്കാരുടെ ബെഞ്ചിൽ ആളെ കണ്ടെത്താൻ പോലും ഇന്നത്തെ മത്സരത്തിൽ ചെൽസിക്കായിരുന്നില്ല. മത്സരം മാറ്റിവെക്കാൻ ചെൽസി പ്രീമിയർ ലീഗിനോട് അഭ്യർത്ഥിച്ചെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു.

ചെൽസിക്ക് മത്സരത്തിൽ മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും തുടർന്ന് മത്സരത്തിലേക്ക് തിരിച്ചുവന്ന വോൾവ്‌സ് ഗോൾ മുഖം ആക്രമിക്കാൻ തുടങ്ങി. തുടർന്ന് ആദ്യ പകുതിയിൽ വോൾവ്‌സ് ചെൽസി ഗോൾ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചത് ചെൽസിക്ക് തുണയായി. തുടർന്ന് രണ്ടാം പകുതിയിൽ ചെൽസി ഉണർന്നു കളിച്ചെങ്കിലും ഗോൾ നേടാൻ അവർക്കായില്ല. ഇന്നത്തെ സമനിലയോടെ ചെൽസി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 6 പോയിന്റ് പിറകിലായി.