പോചറ്റിനീയുടെ കീഴിൽ ചെൽസി അവരുടെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ പ്രീമിയർ ലീഗിലെ പുതുമുഖ ക്ലബായ ലുറ്റൺ ടൗണിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ചെൽസി പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമാഉഇ സ്റ്റെർലിംഗ് ഇന്ന് ചെൽസിയുടെ ഹീറോ ആയി.
മത്സരത്തിന്റെ 17ആം മിനുട്ടിൽ ഒരു മികച്ച വ്യക്തിഗത ഗോളിലൂടെയാണ് സ്റ്റെർലിംഗ് ചെൽസിക്ക് ലീഡ് നൽകിയത്. ലുറ്റൺ ക്ലബ് ഡിഫൻസിനിടയിലൂടെ വേഗത്തിൽ മുന്നേറി സ്റ്റെർലിംഗ് തൊടുത്ത ഷോട്ട് ലുറ്റൺ കീപ്പറിന് തടയാം ആകുന്നതായിരുന്നില്ല. ആദ്യ പകുതിയിൽ ചെൽസി ആ ലീഡിൽ തുടർന്നു.
രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ ഗുസ്റ്റോയുടെ പാസിൽ നിന്ന് സ്റ്റെർലിംഗ് തന്റെ രണ്ടാം ഗോൾ കണ്ടെത്തി. ആദ്യ ഗോളിന്റെ അസിസ്റ്റും ഗുസ്തോയുടെ പേരിലായിരുന്നു. 75ആം മിനുട്ടിൽ നികോളസ് ജാക്സണും ചെൽസിക്ക് ആയി ഗോൾ നേടി. എൻസോ ഫെർണാണ്ടസ് തുടങ്ങിയ അറ്റാക്ക് സ്റ്റെർലിംഗിൽ എത്തുകയും സ്റ്റെർലിന്റെ ലോ ക്രോസ് ഒരു ഡൈവിംഗ് ഫിനിഷിലൂടെ ജാക്സൺ വലയിൽ എത്തിക്കുകയുമായിരുന്നു.
ഈ വിജയത്തോടെ ചെൽസിക്ക് ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് 4 പോയിന്റ് ആയി. ലുറ്റൺ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് നിൽക്കുകയാണ്.