ചെൽസി സൂപ്പർ താരമായ ഹസാർഡിനോട് അടുത്ത സീസണിലും ചെൽസിയിൽ തുടരാൻ ആവശ്യപ്പെട്ട് ചെൽസി താരങ്ങളായ വില്യനും ലോഫ്റ്റസ് ചീകും. യൂറോപ്പ ലീഗിന്റെ സെമി ഫൈനലിൽ ചെൽസി ഫൈനലിൽ എത്തിയതിന് പിന്നാലെയാണ് ഹസാർഡിനോട് താരങ്ങളുടെ അഭ്യർത്ഥന. യൂറോപ്പ ലീഗ് സെമിയിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഫ്രാങ്ക്ഫെർട്ടിനെ മറികടന്ന് ചെൽസി ആഴ്‌സണലുമായി ഫൈനൽ കളിക്കാൻ യോഗ്യത നേടിയിരുന്നു.
ഹസാർഡ് ചെൽസിയിൽ തന്നെ തുടരണമെന്നും ഹസാർഡിന്റെ കരിയർ ചെൽസിയിൽ തന്നെ അവസാനിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ലോഫ്റ്റസ് ചീക് പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തോളം ഹസാർഡ് ചെൽസിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയെന്നും ഒരുപാടു കിരീടങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്നും ചീക് പറഞ്ഞു. ഹസാർഡ് ചെൽസിയുടെ പ്രധാനപ്പെട്ട താരമാണെന്നും ലോകത്തെ ഏറ്റവും മിൿച താരങ്ങളിൽ ഒരാൾ ആണ് ഹസാർഡ് എന്നും ചെൽസിയിൽ ഹസാർഡിന്റെ സഹ താരമായ വില്യൻ പറഞ്ഞു. ഈ സീസൺ അവസാനിച്ചതിന് ശേഷം ഹസാർഡ് ചെൽസിയിൽ തുടരുന്നതിനെ പറ്റി ആലോചിക്കട്ടെയെന്നും വില്യൻ പറഞ്ഞു.
അടുത്ത സീസണിന്റെ അവസാനത്തോടെ ചെൽസിയിൽ കരാർ അവസാനിക്കുന്ന ഹസാർഡ് ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിയിൽ നിന്ന് റയൽ മാഡ്രിഡിലേക്ക് മാറുമെന്നാണ് കരുതപ്പെടുന്നത്. റയൽ മാഡ്രിഡിൽ സിദാന് കീഴിൽ കളിക്കാനുള്ള തന്റെ ആഗ്രഹം പലതവണ ഹസാർഡ് വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ചെൽസിക്ക് ഫിഫയുടെ ട്രാൻസ്ഫർ വിലക്ക് നിലനിൽക്കുന്ന ഘട്ടത്തിൽ ഹസാർഡിന് ഒരു പകരക്കാരനെ കണ്ടെത്താൻ ചെൽസിക്ക് കഴിഞ്ഞേക്കില്ല.