താരങ്ങളെ എത്ര വാങ്ങി കൂട്ടിയിട്ടും ചെൽസിക്ക് വിജയമില്ല. ഇന്ന് സീസണിലെ ആദ്യ മത്സരത്തിൽ അവർ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ പരാജയപ്പെട്ടു. സ്വന്തം ഗ്രൗണ്ടായ സ്റ്റാംഫോ ബ്രിഡ്ജിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്. ഹാളണ്ടും കൊവാചിചും ആണ് സിറ്റിക്കായി ഇന്ന് ഗോളുകൾ നേടിയത്.
ഇന്ന് സ്റ്റാംഫോബ്രിഡ്ജിൽ നന്നായി തുടങ്ങിയത് മാഞ്ചസ്റ്റർ സിറ്റി ആണ്. അവർ മത്സരത്തിന്റെ 18ആം മിനുട്ടിൽ ലീഡ് എടുത്തു. ബെർണാഡൊ സിൽവയുടെ പാസ് സ്വീകരിച്ച് എർലിംഗ് ഹാളണ്ട് ആണ് സിറ്റിക്ക് ലീഡ് നൽകിയത്. എന്നാൽ ഈ ഗോളിന് ശേഷം സിറ്റിയെക്കാൾ നല്ല അറ്റാക്കിംഗ് നീക്കങ്ങൾ കണ്ടത് ചെൽസിയിൽ നിന്നായിരുന്നു.
ഫൈനൽ പാസ് വരാത്തത് ചെൽസിക്ക് തിരിച്ചടിയായി. അവരുടെ അറ്റാക്കുകൾക്ക് ഒരു എൻഡ് പ്രൊഡക്റ്റ് ഉണ്ടാക്കാൻ അവർക്ക് ആയില്ല. പെഡ്രോ നെറ്റോയെയും ഡ്യൂസ് ബറി ഹാളിനെയും ഗുയിയെയും ചെൽസി രണ്ടാം പകുതിയിൽ കളത്തിൽ എത്തിച്ചു. എന്നിട്ടും അവരുടെ സമനില ഗോൾ അകന്നു നിന്നു.
85ആം മിനുട്ടിൽ മുൻ ചെൽസി താരം കൊവാചിചിന്റെ ഒരു ഗംഭീര സ്ട്രൈക്ക് സാഞ്ചസിനെ കീഴ്പ്പെടുത്തി വലയിൽ എത്തിയതോടെ സിറ്റിയുടെ വിജയം ഉറപ്പായി.