വിവാദ അഭിമുഖം നൽകിയതിന് പിന്നാലെ ചെൽസി ടീമിൽ നിന്ന് പുറത്തുപോയ സ്ട്രൈക്കർ റൊമേലു ലുകാകു അടുത്ത മത്സരത്തിൽ ചെൽസിക്ക് വേണ്ടി കാളിച്ചേക്കും. ക്ലബ്ബുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് താരം ടീമിൽ തിരിച്ചെത്തുമെന്ന് സൂചനകൾ പുറത്തുവന്നത്. വിവാദമായ അഭിമുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം ലിവർപൂളിനെതിരായ ചെൽസി ടീമിൽ ലുകാകുവിന് അവസരം ലഭിച്ചിരുന്നില്ല.
തുടർന്നാണ് താരവും ക്ലബ് അധികൃതരും തമ്മിൽ ചർച്ചകൾ നടത്തിയത്. നാളെ നടക്കുന്ന ടോട്ടൻഹാമിനെതിരായ കാരബാവോ കപ്പിൽ ചെൽസിക്ക് വേണ്ടി ലുകാകു കളിക്കുമെന്നാണ് കരുതപ്പെടുന്നത്. സ്കൈ ഇറ്റലിക്ക് വേണ്ടി ലുകാകു ആഴ്ചകൾക്ക് മുൻപ് നൽകിയ അഭിമുഖം പുറത്തുവന്നതോടെയാണ് താരം വെട്ടിലായത്. ക്ലബ്ബിന്റെ അനുവാദം കൂടാതെയാണ് ലുകാകു അഭിമുഖം നൽകിയത്. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ ആരാധകർ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.