ജറാർഡ് സ്ലിപ്പിന്റെ ഓർമ്മയിൽ ഇന്ന് വീണ്ടുമൊരു ചെൽസി- ലിവർപൂൾ പോരാട്ടം

- Advertisement -

ആരൊക്കെ എന്തൊക്കെ മറന്നാലും ലിവർപൂൾ ആരാധകർ മറക്കാത്ത ഒരു കാഴ്ച്ചയുണ്ട്. 2014 ൽ പ്രീമിയർ ലീഗിൽ ആൻഫീൽഡിൽ ലിവർപൂൾ ചെൽസിയെ നേരിടുന്നു. ജയം അനിവാര്യമായ കളിയിൽ പക്ഷെ ക്യാപ്റ്റൻ ജറാർഡിന് ഒരു നിമിഷം പിഴച്ചു. സകോ നൽകിയ പാസ്സ് സ്വീകരിക്കുന്നതിനിടെ സ്ലിപ്പായ ക്യാപ്റ്റനിൽ നിന്ന് ചെൽസി സ്‌ട്രൈക്കർ ദമ്പ ബാ പന്ത് തട്ടിയെടുത്ത് ഗോൾ നേടി. പിന്നീട് വില്ലിയനും ഗോൾ നേടിയതും അന്നത്തെ ചെൽസി പരിശീലകൻ ജോസ് മൗറീഞ്ഞോ ആഘോഷമാക്കിയതും പ്രീമിയർ ലീഗ് ചരിത്രത്തിൽ തന്നെ ഇടം നേടി. അന്ന് ലിവർപൂൾ സിറ്റിക്ക് കിരീടം അടിയറവ് വച്ചതിൽ ഏറെ നിർണായകമായ മത്സര ഫലമായിരുന്നു അത്.

ഇന്ന് വീണ്ടുമൊരു പോരാട്ടമാണ്. അതേ അൻഫീൽഡിൽ, അതേ ചെൽസിയും ലിവർപൂളും. ഏതാണ്ട് അന്നത്തെ അതേ സാഹചര്യങ്ങളാണ്. ലിവർപൂൾ കിരീട പോരാട്ടത്തിലാണ്. സിറ്റി തന്നെയാണ് ഇത്തവണയും വെല്ലുവിളി. ഇനിയൊരു തോൽവിക്ക് ഇരുവർക്കും കനത്ത വില നൽകേണ്ടി വരും. ചെൽസിയാവട്ടെ ആദ്യ നാലിൽ ഇടം നേടാനുള്ള ജീവൻ മരണ പോരാട്ടത്തിലാണ്‌. അതുകൊണ്ടുതന്നെ ഇന്ന് ജയിക്കുക എന്നത് സാരിക്കും അനിവാര്യമാണ്.

ഈഡൻ ഹസാർഡിനെ തടയുക എന്നത് തന്നെയാണ് ലിവർപൂൾ നേരിടുന്ന ആദ്യ വെല്ലുവിളി. കൂടാതെ സമീപ മത്സരങ്ങളിൽ ടീമിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയ സാരിയുടെ തന്ത്രങ്ങളും ഫലം കാണുന്നുണ്ട്. ലെഫ്റ്റ് ബാക്കിൽ എമേഴ്സണും, മധ്യനിരയിൽ ലോഫ്റ്റസ് ചീക്കും, ആക്രമണത്തിൽ ഓഡോയിയും വന്നതോടെ ചെൽസിക്ക് പുത്തൻ ഊർജമാണ് ലഭിച്ചിരിക്കുന്നത്. ഒരേ പോലെ തിളങ്ങുന്ന ആക്രമണവും പ്രതിരോധവുമാണ് ക്ളോപിന്റെ ടീമിന്റെ കരുത്ത്. മുഹമ്മദ് സലാഹ് ഫോമിലേക് മടങ്ങി എത്തിയതും അവർക്ക് കരുത്താകും. ഫലം എന്ത് തന്നെയായാലും ഇരു ടീമുകളും തമ്മിലുള്ള പോരിന് ശക്തി കൂട്ടുന്ന ഒന്ന് തന്നെയാകും ഇന്നത്തെ മത്സരം എന്നുറപ്പാണ്.

ഇന്ന് രാത്രി 9 നാണ് മത്സരം കിക്കോഫ്.

Advertisement