ചെൽസി പ്രതിരോധ താരം ചിൽവെല്ലിന്റെ പരിക്ക് ഗുരുതരമാണെന്ന് സ്ഥിരീകരിച്ചു. താരത്തിന് ഇതോടെ ശസ്ത്രക്രിയ വേണ്ടി വരുമെന്നും ഉറപ്പായി. ശസ്ത്രക്രിയ വേണ്ടിവരുന്നതോടെ താരം ഈ സീസൺ മുഴുവൻ കളിക്കില്ല. നേരത്തെ യുവന്റസിനെതിരായ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെയാണ് ചിൽവെല്ലിന് പരിക്കേറ്റത്. താരത്തിന്റെ ശസ്ത്രക്രിയ ഒഴിവാക്കാൻ ചെൽസി നടത്തിയ ചികിത്സ ഫലിക്കാതെ പോയതോടെയാണ് താരം സീസൺ മുഴുവൻ പുറത്തിരിക്കുമെന്ന് ഉറപ്പായത്. നേരത്തെ ചിൽവെൽ ജനുവരിയിൽ പരിക്ക് മാറി ടീമിൽ തിരിച്ചെത്തുമെന്നും വാർത്തകൾ വന്നിരുന്നു.
ഇതോടെ ജനുവരിയിൽ ചിൽവെല്ലിന് പകരക്കാരനെ കണ്ടെത്താൻ ചെൽസി ശ്രമിക്കുമെന്ന് ഉറപ്പായി. കൂടാതെ നിലവിൽ ചെൽസിയിൽ നിന്ന് ലോണിൽ പോയ എമേഴ്സൺ, മാറ്റ്സെൻ എന്നിവരെ തിരിച്ചുവിളിക്കാനുള്ള ശ്രമവും ചെൽസി നടത്തുമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ ഇവർട്ടൻ ലെഫ്റ്റ് ബാക്ക് ലൂക്കാസ് ഡിനിയെ സ്വന്തമാക്കാനും ചെൽസി ശ്രമിച്ചേക്കും.