പ്രീമിയർ ലീഗിൽ വിജയപാതയിൽ തിരിച്ചെത്തി ചെൽസി. ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബ്രൈറ്റണിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ചെൽസി കീഴടക്കിയത്. എൻസോ ഫെർണാണ്ടസ് രണ്ടു ഗോളുകൾ കണ്ടെത്തിയപ്പോൾ കോൾവിൽ മറ്റൊരു ഗോൾ കണ്ടെത്തി. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്ത് തന്നെ തുടരുകയാണ് പോച്ചറ്റിനൊയും സംഘവും.
ചെൽസിയുടെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. താളം കണ്ടെത്തി കഴിഞ്ഞ സൂചനകൾ ടീം ഇന്നും നൽകി. പതിനേഴാം മിനിറ്റിൽ തന്നെ തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളിലൂടെ എൻസോ ഫെർണാണ്ടസ് ചെൽസിക്ക് ലീഡ് നൽകി. ബഡിയഷീൽ ഉയർത്തി നൽകിയ പന്തിൽ ഹെഡർ ഉതിർത്താണ് താരം ലക്ഷ്യം കണ്ടത്. 21 ആം മിനിറ്റിൽ തന്നെ അവർ ലീഡ് ഉയർത്തി. കോർണറിൽ നിന്നെത്തിയ പന്ത് ജാക്സൻ, മറിച്ചു നൽകിയപ്പോൾ തകർപ്പൻ ഹെഡർ ഉതിർത്ത് കോൾവിൽ വല കുലുക്കുകയായിരുന്നു. മുദ്രിക്കിന്റെ മികച്ചൊരു ഷോട്ട് പോസിറ്റിനിരുമി കടന്ന് പോയി. 43ആം മിനിറ്റിൽ ബോനാനൊട്ടെയുടെ ഒന്നാന്തരമൊരു ഷോട്ടിലൂടെ ബ്രൈറ്റൺ ഒരു ഗോൾ തിരിച്ചടിച്ചു. പിറകെ ഗിൽമോറിനെ ഫൗൾ ചെയ്തതിന് ഗല്ലഗർ രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്ത് പോയത് ചെൽസിക്ക് വീണ്ടും തിരിച്ചടി ആയി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രൈറ്റണ് ചില മുന്നേറ്റങ്ങൾ മേനഞ്ഞെടുക്കാൻ ആയി. എന്നാൽ മുദ്രിക്കിനെ മിൽനർ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി അനുവദിച്ചത് നിർണായകമായി. കിക്ക് എടുത്ത എൻസോ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ കണ്ടെത്തി. ഗ്രോസിന്റെ ഫ്രീകിക്ക് സാഞ്ചസ് കൈക്കലാക്കി. ഇഞ്ചുറി ടൈമിന്റെ തുടക്കത്തിൽ കോർണറിൽ നിന്നും ഹെഡർ ഉതിർത്ത് ജാവോ പെഡ്രോ ബ്രൈറ്റണിന്റെ രണ്ടാം ഗോളും കണ്ടെത്തി. എന്നാൽ തിരിച്ചു വരവിനുള്ള സമയം ബ്രൈറ്റണിന് മുന്നിൽ ഉണ്ടായിരുന്നില്ല. ഇതേ സ്കോറിന് ചെൽസി മത്സരം സ്വന്തമാക്കി.