ടോട്ടൻഹാം വീണ്ടും വീണു, ലണ്ടൻ ഡെർബിയിൽ ചെൽസി കരുത്ത്

Photo: SkySports

പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും ടോട്ടൻഹാമിന്‌ തോൽവി. ഇത്തവണ ചെൽസിയാണ് ടോട്ടൻഹാമിനെ തോൽപ്പിച്ചത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. കഴിഞ്ഞ ദിവസം ബേൺലിക്കെതിരായ മത്സരത്തിലും ടോട്ടൻഹാം തോറ്റിരുന്നു. ജയത്തോടെ ചെൽസി ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ സജീവമാക്കി.

ചെൽസിയുടെ മുന്നേറ്റം കണ്ടുകൊണ്ടാണ് മത്സരം തുടങ്ങിയത്. അതിനിടയിൽ ഹിഗ്വയിനിന്റെ ശ്രമം ടോട്ടൻഹാം പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തു. തുടർന്ന് മത്സരത്തിലേക്ക് തിരിച്ച് വന്ന ടോട്ടൻഹാം ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ഹാരി വിങ്ക്സിലൂടെ ഗോളിനടുത്ത് എത്തിയെങ്കിലും വിങ്ക്സിന്റെ ശ്രമം ചെൽസി ബാറിൽ തട്ടി തെറിക്കുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിലാണ് പെഡ്രോയുടെ ഗോളിലൂടെ ചെൽസി മുൻപിലെത്തിയത്. അസ്പിലിക്വറ്റയുടെ ക്രോസ്സ് സ്വീകരിച്ച് ബോക്സിലേക്ക് കയറിയ പെഡ്രോ ആൽഡർവൈൽഡിനെയും ലോറിസിനെയും കബളിപ്പിച്ച് ഗോൾ നേടുകയായിരുന്നു. തുടർന്നാണ് സെൽഫ് ഗോളിലൂടെ ചെൽസി ലീഡ് ഉയർത്തിയത്. ജിറൂദിന്റെ ഹെഡറിൽ നിന്ന് പന്ത് ലഭിച്ച ട്രിപ്പിയർ വില്യൻ പിന്തുടരുന്നത് കണ്ട് പന്ത് ടോട്ടൻഹാം ഗോൾ കീപ്പർ ലോറിസിന് നൽകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ജിറൂദിന്റെ ഹെഡർ പിടിച്ചെടുക്കാൻ പോസ്റ്റിൽ നിന്ന് മുൻപോട്ട് വന്ന ലോറിസിനെ മറികടന്ന് ട്രിപ്പിയർ നൽകിയ മൈനസ് ബോൾ ടോട്ടൻഹാം വലയിൽ പതിക്കുകയായിരുന്നു.

പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും കടുത്ത വെല്ലുവിളി ഉയർത്തുമെന്ന കരുതപ്പെട്ടിരുന്ന ടോട്ടൻഹാമിന്റെ തോൽവി അവർക്ക് കനത്ത തിരിച്ചടിയാണ്. അടുത്ത ദിവസം മറ്റൊരു ലണ്ടൻ ഡെർബിയിൽ ആഴ്‌സണൽ ആണ് അവരുടെ എതിരാളികൾ. ചെൽസിക്ക് അടുത്ത പ്രീമിയർ ലീഗ് മത്സരത്തിലെ എതിരാളികൾ ഫുൾഹാം ആണ്.

Previous articleവെസ്റ്റ്ഹാമിനെ മറികടന്ന് സിറ്റി ലിവർപൂളിന് തൊട്ടു പിന്നിൽ
Next articleകലാശപ്പോരാട്ടത്തിനായി ചെന്നൈയിൻ ഗോവയിൽ