ഗോളടിച്ച് തുടങ്ങി വെർണർ, ന്യൂ കാസിലിനെതിരെയും ജയം തുടർന്ന് ചെൽസി

പ്രീമിയർ ലീഗിൽ ന്യൂ കാസിലിനെതിരെ മികച്ച ജയവുമായി ചെൽസി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ജയത്തോടെ ലിവർപൂളിനെയും വെസ്റ്റ് ഹാമിനെയും മറികടന്ന് ടോപ് ഫോറിൽ എത്താനും ചെൽസിക്കായി.

മത്സരത്തിന്റെ തുടക്കത്തിൽ ടാമി അബ്രഹാമിന് പരിക്കേറ്റ് പുറത്തുപോയത് ചെൽസിക്ക് തിരിച്ചടിയായെങ്കിലും പകരക്കാരനായി വന്ന ഒലിവിയർ ജിറൂദിലൂടെ ചെൽസി ഗോളടി തുടങ്ങുകയായിരുന്നു. ടിമോ വെർണറിന്റെ മികച്ച മുന്നേറ്റത്തിനൊടുവിലാണ് ജിറൂദ് ചെൽസിയുടെ ആദ്യ ഗോൾ നേടിയത്. അധികം താമസിയാതെ കഴിഞ്ഞ 14 മത്സരങ്ങളിൽ പ്രീമിയർ ലീഗിൽ ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന ടിമോ വെർണറിലൂടെ ചെൽസി ലീഡ് ഇരട്ടിയാക്കി.

തുടർന്ന് രണ്ടാം പകുതിയിൽ ന്യൂ കാസിൽ യുണൈറ്റഡ് ഉണർന്നു കളിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത് ചെൽസി ജയം നേടുകയായിരുന്നു. പുതിയ പരിശീലകൻ തോമസ് ടൂഹലിന് കീഴിൽ ചെൽസിയുടെ തുടർച്ചയായ നാലാമത്തെ പ്രീമിയർ ലീഗ് ജയമായിരുന്നു.