പ്രീമിയർ ലീഗിൽ ആവേശകരമായ മത്സരത്തിൽ ഇഞ്ചുറി ടൈമിലെ പെനാൽറ്റി ഗോളിൽ ചെൽസിക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി ലീഡ്സ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ലീഡ്സ് ആണ്. ലീഡ്സ് യുണൈറ്റഡ് താരം ജെയിംസിനെ അലോൺസോ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി റഫീഞ്ഞ ലീഡ്‌സിന് ലീഡ് നേടികൊടുക്കുകയായിരുന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് അലോൺസോയുടെ പാസിൽ നിന്ന് മേസൺ മൗണ്ട് ചെൽസിക്ക് സമനില നേടിക്കൊടുത്തു.
തുടർന്ന് രണ്ടാം പകുതിയിൽ ചെൽസിക്ക് അനുകൂലമായി വാർ പെനാൽറ്റി വിളിച്ചു. ചെൽസി താരം റുഡിഗറിനെ റഫിഞ്ഞ ഫൗൾ ചെയ്തതിനാണ് വാർ ചെൽസിക്ക് പെനാൽറ്റി നൽകിയത്. പെനാൽറ്റി എടുത്ത ജോർഗീനോ ഗോൾ കീപ്പർക്ക് ഒരു അവസരവും നൽകാതെ ഗോളാക്കി ചെൽസിയെ മത്സരത്തിൽ മുൻപിൽ എത്തിച്ചു. എന്നാൽ മത്സരം അവസാനിക്കാൻ 7 മിനിറ്റ് ബാക്കി നിൽക്കെ പകരക്കാരനായി ഇറങ്ങിയ ഗെൽഹാർട്ട് ലീഡ്‌സിന് സമനില നേടികൊടുക്കുകയായിരുന്നു. തുടർന്ന് മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ചെൽസിക്ക് വേണ്ടി റുഡിഗർ വീണ്ടും പെനാൽറ്റി നേടിക്കൊടുത്തത്. ഇത്തവണയും പെനാൽറ്റി എടുത്ത ജോർഗീനോ ലീഡ്സ് വല കുലുക്കുകയും ചെൽസിക്ക് വിലപ്പെട്ട മൂന്ന് പോയിന്റ് നേടികൊടുക്കുകയുമായിരുന്നു. ജയത്തോടെ ചെൽസി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.