ഫ്രാങ്ക് ലംപാർഡിന് മുൻപിൽ കാർലോ ആഞ്ചലോട്ടിയും വീണു. എതിരില്ലാത്ത 4 ഗോളുകൾക്കാണ് സ്വന്തം മൈതാനത്ത് ഇന്ന് ചെൽസി ജയിച്ചത്. ചെൽസിയുടെ ആക്രമണത്തിന് മുൻപിൽ മറുപടിയില്ലാത്ത പതറിയ എവർട്ടൻ മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും മുന്നിട്ട് നിന്നിരുന്നില്ല. ജയത്തോടെ 48 പോയിന്റുള്ള ചെൽസി നാലാം സ്ഥാനത്ത് തങ്ങളുടെ ലീഡ് 5 പോയിന്റ് ആയി ഉയർത്തി. 37 പോയിന്റുള്ള എവർട്ടൻ 12 ആം സ്ഥാനത്താണ്. ബില്ലി ഗിൽമോർ ആദ്യ ഇലവനിൽ അരങ്ങേറിയപ്പോൾ അഞ്ചോറിൻ, ബോഹ എന്നീ യുവ താരങ്ങളും ഇന്ന് ചെൽസിക്കായി അരങ്ങേറി.
ആദ്യ പകുതിയിൽ ചെൽസിയുടെ ആക്രമണങ്ങൾക്ക് മുൻപിൽ എവർട്ടൻ പതറിയപ്പോൾ ഫ്രാങ്ക് ലംപാർഡിന് കാര്യങ്ങൾ എളുപ്പമായി. 14 ആം മിനുട്ടിൽ തന്നെ ലീഡ് നേടാൻ ചെൽസിക്ക് സാധിച്ചു. പെഡ്രോയുടെ പാസിൽ നിന്ന് മേസൻ മൌണ്ട് ആണ് ഗോൾ നേടിയത്. 19 മത്സരങ്ങൾ നീണ്ട ഗോൾ വരൾച്ചയാണ് താരം അവസാനിപ്പിച്ചത്. പിന്നീട് 21 ആം മിനുട്ടിൽ മുൻ എവർട്ടൻ താരം റോസ് ബാർക്ലിയുടെ ത്രൂ ബോളിൽ നിന്ന് പെഡ്രോ ചെൽസിയുടെ ലീഡ് രണ്ടാക്കി. പിന്നീട് സൂമയുടെ പിഴവിൽ നിന്ന് ലഭിച്ച സുവർണാവസരം മുതലാക്കാൻ കാൽവർട്ട് ലൂവിന് സാധിച്ചില്ല.
രണ്ടാം പകുതിയിൽ തിയോ വാൽകോട്ടിനെ ഇറക്കിയ അഞ്ചലോട്ടി തന്റെ ടീമിൽ നിന്ന് മികച്ച പ്രതികരണം പ്രതീക്ഷിചെങ്കിലും നേർ വിപരീതമാണ് സംഭവിച്ചത്. 3 മിനുട്ടിനിടയിൽ 2 ഗോളുകൾ നേടിയ ചെൽസി കളി തങ്ങൾക്ക് ഉറപ്പിച്ചു. 51 ആം മിനുട്ടിൽ വില്ലിയന്റെ മികച്ച ഫിനിഷിൽ 3 ആം ഗോൾ നേടിയ ചെൽസി 54 ആം മിനുട്ടിൽ ജിറൂഡിലൂടെ നാലാം ഗോളും നേടി. പിന്നീട് മോയിസ് കീൻ അടക്കമുള്ളവരെ അഞ്ചലോട്ടി ഇറകിയെങ്കിലും ചെൽസി പ്രതിരോധം തകർക്കാൻ സാധിച്ചില്ല.