അവസാനം ചെൽസി അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു. ആഴ്‌സണൽ – ബ്രൈറ്റൻ മത്സരം സമനിലയിൽ കുടുങ്ങിയതോടെയാണ് ചെൽസി അടുത്ത കൊല്ലാത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത്. പ്രീമിയർ ലീഗിൽ ഒരു മത്സരം ബാക്കി നിൽക്കെയാണ് ചെൽസി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയത്. ഇന്ന് നടന്ന മത്സരത്തിൽ വാട്ഫോർഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചതോടെ തന്നെ ചെൽസി ഏകദേശം ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചിരുന്നു. 37 മത്സരങ്ങൾ കളിച്ച ചെൽസി 71 പോയിന്റോടെയാണ് ടോപ് ഫോർ ഉറപ്പിച്ചത്. ചെൽസിയെ കൂടാതെ ടോട്ടൻഹാമും ടോപ് ഫോർ ഉറപ്പിച്ചിട്ടുണ്ട്. അടുത്ത റൗണ്ടിലെ മത്സരങ്ങളിൽ അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ടോട്ടൻഹാം ടോപ് ഫോറിൽ എത്താതെ പുറത്താവു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അങ്ങനെ ഒരു അത്ഭുതത്തിന് സാധ്യതയില്ല.
ബ്രൈറ്റന് എതിരെയുള്ള മത്സരം സമനിലയിലായതോടെ ആഴ്‌സണലിന്റെ ടോപ് ഫോർ പ്രതീക്ഷകൾ അസ്തമിച്ചു. അവസാന മത്സരത്തിൽ ആഴ്‌സണൽ 8 ഗോളിന് ജയിക്കുകയും ടോട്ടൻഹാം അടുത്ത മത്സരം തോൽക്കുകയും ചെയ്താൽ മാത്രമേ ആഴ്‌സണൽ ടോപ് ഫോറിൽ എത്തു. അതെ സമയം അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ആഴ്‌സണലിന് എനിയും അവസരമുണ്ട്. യൂറോപ്പ ലീഗ് സെമി ഫൈനലിൽ എത്തിയ ആഴ്സണൽ കിരീടം നേടിയാൽ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാം. നാല് ടീമുകൾ തമ്മിൽ ടോപ് ഫോർ സ്ഥാനത്തിന് വേണ്ടി നടത്തിയ കനത്ത പോരാട്ടത്തിനൊടുവിൽ ചെൽസിയും ടോട്ടൻഹാമും ടോപ് ഫോർ ഉറപ്പിക്കുകയായിരുന്നു.
ടോപ് ഫോർ പോരാട്ടത്തിൽ നേരിയ സാധ്യത ഉണ്ടായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഹഡേർസ് ഫീൽഡിനോട് സമനില വഴങ്ങിയതോടെ അവരുടെ ടോപ് ഫോർ പ്രതീക്ഷകളും അവസാനിച്ചിരുന്നു.