ഈ സീസണിന് ശേഷം ലിവർപൂൾ വിടാൻ ചേംമ്പർലെയ്ൻ

ഈ സീസണോടെ അലക്‌സ് ഓക്സലെഡ് ചേമ്പർലെയ്ൻ ലിവർപൂൾ വിട്ടേക്കുമെന്ന് ഏകദേശം ഉറപ്പായി. നിലവിലെ കരാർ ജൂണോടെ അവസാനിക്കാൻ ഇരിക്കെ കരാർ പുതുക്കാനുള്ള യാതൊരു നീക്കങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. താരത്തിനും ടീം വിടാൻ തന്നെയാണ് ആഗ്രഹം എന്നാണ് സൂചന. ശക്തമായ മധ്യനിരയില്ലാതെ വിഷമിക്കുന്ന ലിവർപൂൾ ആവട്ടെ അടുത്ത സീസണിലേക്ക് മികച്ച താരങ്ങളെ തന്നെ ടീമിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലും ആണ്.

പ്രായം അനുകൂല ഘടകമായതിനാൽ പ്രീമിയർ ലീഗിലെ തന്നെ മുൻനിര ക്ലബ്ബുകളിൽ ഇടം പിടിക്കാൻ താരത്തിന് സാധിച്ചേക്കും. പരിക്ക് പലപ്പോഴും വില്ലനായ കരിയറിൽ ലിവർപൂളിനൊപ്പം പ്രീമിയർ ലീഗ് കിരീടം നേടാൻ ചേംമ്പർലെയ്നായിരുന്നു. ആഴ്‌സണൽ വിട്ടെത്തിയ സീസണിലും ലിവർപൂൾ കിരീടം നേടിയ 2019-20 സീസണിലും മാത്രമാണ് മുപ്പത്തിൽ കൂടുതൽ ലീഗ് മത്സരങ്ങൾ താരം കളത്തിൽ ഇറങ്ങിയത്. മറ്റ് സീസണുകളിൽ ഇരുപത് മത്സരം പോലും ലീഗിൽ ടീമിനായി ഇറങ്ങാൻ കഴിയാത്ത തരത്തിൽ പരിക്കിന്റെ പിടിയിൽ ആയിരുന്നു താരം. ജെയിംസ് മിൽനർ, നബി കെയ്റ്റ എന്നിവരുടെയും കരാർ സീസണോടെ അവസാനിക്കും. മധ്യനിര പൂർണമായി പുതുക്കിപണിയാൻ പദ്ധതിയിടുന്ന ലിവർപൂൾ ഇവരുടെയും കരാർ പുതുക്കിയേക്കില്ല.