അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുകയാണ് ലക്ഷ്യമെന്ന് ഹാരി കെയ്ൻ

Staff Reporter

അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുകയാണ് ടോട്ടൻഹാമിന്റെ ലക്ഷ്യമെന്ന് സ്‌ട്രൈക്കർ ഹാരി കെയ്ൻ. കുറച്ചു മാസങ്ങളായി പരിക്കിന്റെ പിടിയിലായിരുന്ന ഹാരി കെയ്ൻ പരിക്കിൽ നിന്ന് പൂർണമായും മുക്തനായി ടോട്ടൻഹാമിന് വേണ്ടി കളിക്കാൻ തയ്യാറായി നിൽക്കുകയാണ്.

ടോട്ടൻഹാമിന് നിലവിൽ ബാക്കിയുള്ള 9 മത്സരങ്ങളിൽ 7-8 മത്സരങ്ങൾ ജയിച്ചാൽ ടോട്ടൻഹാമിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാമെന്നും ഹാരി കെയ്ൻ പറഞ്ഞു. നിലവിൽ താൻ പൂർണ്ണമായും ഫിറ്റ് ആണെന്നും ടീമിനൊപ്പം പരിശീലനം നടത്താൻ കാത്തിരിക്കുകയാണെന്നും കെയ്ൻ പറഞ്ഞു. നിലവിൽ താൻ വ്യക്തിഗത പരിശീലനം മാത്രമാണ് നടത്തുന്നതെന്നും ഉടൻ തന്നെ ടീമിനൊപ്പം കളിക്കാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കെയ്ൻ പറഞ്ഞു.

നിലവിൽ ടോട്ടൻഹാം പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള ചെൽസിയുമായി ടോട്ടൻഹാമിന് 7 പോയിന്റിന്റെ വ്യത്യാസമാണ് നിലവിൽ ഉള്ളത്.