ഗോളടിയിലും സഹായിച്ച് പ്രതിരോധനിര, ചെൽസിക്ക് വിജയത്തുടക്കം

- Advertisement -

പുത്തൻ സൈനിങ്ങുകളുമായി കളത്തിലിറങ്ങിയ ചെൽസിക്ക് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ജയം. 3-1 നാണ് അവർ ബ്രയ്റ്റനെ മറികടന്നത്. ജോർജിഞ്ഞോ, റീസ് ജെയിംസ്, കുർട്ട് സൂമ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്. ലിയോനാർഡോ ട്രോസാർഡിന്റെ വകയായിരുന്നു ബ്രയ്റ്റന്റെ ഏക ഗോൾ.

തിമോ വെർണർ, കായ് ഹാവേർട്‌സ് എന്നിവർ ചെൽസിക്കായി ആദ്യ ഇലവനിൽ അരങ്ങേറിയ മത്സരത്തിൽ പക്ഷെ ചെൽസി പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. പാസിങ്ങിലും മറ്റും ചെൽസിയെ കടത്തി വെട്ടിയ ബ്രയ്റ്റന് പക്ഷെ ആദ്യ പകുതിയിൽ അത് മുതലാകാനായില്ല. 23 ആം മിനുട്ടിൽ വെർണറിനെ ബ്രയ്റ്റൺ ഗോളി വീഴ്ത്തിയത്തിന് ലഭിച്ച പെനാൽറ്റി ജോർജിഞ്ഞോ ഗോളാക്കി ചെൽസിക്ക് ലീഡ് സമ്മാനിച്ചു.

രണ്ടാം പകുതിയിൽ പ്രകടനം മെച്ചപ്പെടുത്തി എങ്കിലും പതിവ് പോലെ ഗോളി കെപ്പയുടെ പിഴവ് സ്കോർ 1-1 ആക്കി. ട്രോസാർഡിന്റെ അത്രയൊന്നും അപകടം ഇല്ലാത്ത ഷോട്ട് തടുക്കുന്നതിൽ കെപ്പക്ക് പിഴക്കുകയായിരുന്നു. പക്ഷെ 2 മിനിട്ടുകൾക്ക് ശേഷം റീസ് ജെയിംസ് ബോക്സിന് പുറത്ത് നിന്ന് തൊടുത്ത റോക്കറ്റ് ഷോട്ട് വലയിൽ പതിച്ചതോടെ ചെൽസി ലീഡ് പുനസ്ഥാപിച്ചു. 66 ആം മിനുട്ടിൽ ചെൽസി മൂന്നാം ഗോളും നേടി. ഇത്തവണ ജയിംസിന്റെ കോർണറിൽ നിന്ന് ഡിഫൻഡർ കുർട്ട് സൂമയാണ് ഗോൾ നേടിയത്.

ജയിച്ചെങ്കിലും അത്രയൊന്നും മികച്ച പ്രകടനം നടത്താത്ത ടീമിലേക്ക് ഇനിയും കളിക്കാർ എത്താൻ ഉണ്ട് എന്നതാകും ലംപാർഡിന്റെ ആശ്വാസം. വരും മത്സരങ്ങളിൽ സിയേക്, തിയാഗോ സിൽവ, കോവാച്ചിച് എന്നിവർ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement