ആദ്യ ആറു മിനുട്ടിൽ തന്നെ ഷെഫീൽഡിന്റെ പ്രതിരോധം തകർത്ത് വോൾവ്സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിന് ഗംഭീര തുടക്കം. ഇന്ന് ആദ്യ മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനെ നേരിട്ട വോൾവ്സ് എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. വോൾവ്സിന്റെ പരിശീലകൻ നുനോ സാന്റോസ് ഇന്നലെ കരാർ പുതുക്കിയതിന്റെ ആഘോഷമാണ് ഇന്ന് ആദ്യ മിനിട്ടുകളിൽ കണ്ടത്. ഷെഫീൽഡിന്റെ പേരുകേട്ട ഡിഫൻസ് ആദ്യ ആറു മിനുട്ടിൽ തന്നെ തകർന്നു.

മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ ഒരു കൗണ്ടറിലൂടെ വോൾവ്സ് ലീഡ് എടുത്തു. മെക്സിക്കൻ താരം റൗൾ ജിമിനസിന്റെ മനോഹരമായ ഫസ്റ്റ് ടച്ച് ഫിനിഷാണ് വോൾവ്സിന് സീസണിലെ ആദ്യ ഗോൾ നൽകിയത്. ആ ഗോളിന്റെ ക്ഷീണം മാറും മുമ്പ് ആറാം മിനുട്ടിൽ ഷെഫീൽഡ് വീണ്ടും ഗോൾ വഴങ്ങി. ഇത്തവണ റൊമൈൻ സൈസ് ആണ് ഒരു ഹെഡറിലൂടെ വോൾവ്സിന്റെ ലീഡ് ഇരട്ടിയാക്കിയത്. അതിനു ശേഷം പന്ത് കൈവശം വെച്ച് കളിച്ച വോൾവ്സ് വിജയം എളുപ്പത്തിൽ സ്വന്തമാക്കി.