പ്രീമിയർ ലീഗ് ടോപ്പ് 4 സ്ഥാനങ്ങളിലേക്ക് പോരാട്ടം കനകുമ്പോൾ നിർണായക ജയവുമായി ചെൽസി. സ്വന്തം മൈതാനത്ത് നോർവിച്ചിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ചെൽസി മൂന്നാം സ്ഥാനത്ത് ലീഡ് 4 പോയിന്റായി ഉയർത്തിയത്. ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനും ലെസ്റ്ററിനും ഇതോടെ ഇനിയുള്ള മത്സര ഫലം നിർണായകമായി. ഒലിവിയെ ജിറൂദ് ആണ് ചെൽസിക്ക് 3 പോയിന്റ് സമ്മാനിച്ച ജയം ഒരുക്കിയത്.
ഷെഫീൽഡ് യുനൈറ്റഡിനോട് നാണം കെട്ട തോൽവി വഴങ്ങിയ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് ചെൽസി ഇന്ന് ഇറങ്ങിയത്. ക്രിസ്റ്റിയൻസൻ, റീസ് ജെയിംസ്, മൌണ്ട്, ടാമി അബ്രഹാം, റോസ് ബാർക്ലി എന്നിവരെ പുറത്തിരുത്തിയ ലംപാർഡ് ജിറൂദ്, അലോൻസോ, റൂഡിഗർ, കോവചിച്, ലോഫ്റ്റസ് ചീക്ക് എന്നിവർക്ക് ആദ്യ ഇലവനിൽ അവസരം നൽകി.
തീർത്തും പ്രതിരോധ ഫുട്‌ബോൾ കളിച്ച നോർവിച്ചിനെ തുടർച്ചയായ അവസരങ്ങൾ സൃഷ്ടിച്ച് ചെൽസി പരീക്ഷിച്ചെങ്കിലും ഗോൾ എത്താൻ വൈകി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പുലിസിക്കിന്റെ അസിസ്റ്റിൽ ഹെഡറിലൂടെ ജിറൂദ് ചെൽസിയെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിലും നോർവിച് കാര്യമായ ആക്രമണം നടത്താതെ വന്നതോടെ ചെൽസിക്ക് കാര്യങ്ങൾ എളുപ്പമായി. ഇതിനിടെ ചെൽസിയുടെ ഏതാനും മികച്ച അവസരങ്ങൾ നോർവിച് ഗോളി ടിം ക്രൂൽ തട്ടിയകറ്റി. നിലവിലെ ജയത്തോടെ 63 പോയിന്റാണ് ചെൽസിക്ക് ഉള്ളത്. 2 കളികൾ ബാക്കി നിൽക്കേ ടോപ്പ് 4 പ്രതീക്ഷകൾ സജീവമായി നിലനിർത്താനും അവർക്കായി.