പതിവ് പോലെ ഇത്തവണയും ചെൽസി പ്രതിസന്ധിയിലാണ്. പതിവ് പോലെ മാനേജർ പോസ്റ്റ് തന്നെയാണ് പ്രശ്നങ്ങളുടെ ആധാരവും. യൂറോപ്പ ലീഗ് ജയിച്ച, പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒരു ടീമിന് ചുറ്റും കാണേണ്ട ഒരു അനുകൂല കാലാവസ്ഥ പോലും ചെൽസിയിൽ കാണാനില്ല. പകരം പ്രശ്ങ്ങളിൽ നിന്ന് പ്രതിസന്ധിയിലേക്ക് നീളുകയാണ് ചെൽസി.
ചെൽസിയുടെ പരിശീലകൻ മൗറീസിയോ സാരി വരും ദിവസങ്ങളിൽ ക്ലബ്ബ് വിടുമെന്ന് ഉറപ്പായിട്ടുണ്ട്. യുവന്റസിൽ നിന്ന് മികച്ച ഓഫർ വന്നതോടെയാണ് സാരി നീല പടയെ കൈവിട്ടത്. പതിവിന് വിപരീതമായി ഇത്തവണ പരിശീലകന്റെ ആഗ്രഹ പ്രകാരമാണ് ചെൽസി പരിശീലകൻ പുറത്ത് പോകുന്നത് എന്നത് മാത്രമാണ് ഏക വിത്യാസം. സാരിയെ തടയാൻ ചെൽസി മാനേജ്മെന്റ് കാര്യമായി ഒന്നും ചെയ്യുന്നുമില്ല എന്നാണ് റിപ്പോർട്ടുകൾ. നാപോളിയുമായി മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം എത്തിച്ച സാരിയെയാണ് ചെൽസി ഇത്തരത്തിൽ കൈവിടുന്നത് എന്നതാണ് വിചിത്രമായ കാര്യം. പ്രതിരോധ ഫുട്ബോൾ എന്ന ചീത്ത പേര് മാറ്റാനാണ് ചെൽസി സാരിയെ ലണ്ടനിൽ എത്തിച്ചത്. പക്ഷെ സാരിക്ക് പകരക്കാരനായി പറഞ്ഞു കേൾക്കുന്ന പേരുകൾ പക്ഷെ പ്രതിരോധ ഫുട്ബോളിന് പേര് കേട്ടവരും !!.
2017-2018 സീസണിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ചെൽസിയും ഉടമ റോമൻ അബ്റാമോവിച്ചും അന്നത്തെ പരിശീലകൻ ആന്റോണിയോ കോണ്ടേയെ പുറത്താക്കുന്നത്. ക്ലബ്ബ് ഇതേ സീസണിൽ മൗറീഞ്ഞോയുടെ യുണൈറ്റഡിനെ മറികടന്ന് എഫ് എ കപ്പ് നേടിയത് സൗകര്യപൂർവ്വം മറന്നാണ് ചെൽസി കൊണ്ടേയെ പുറത്താക്കിയത്. ഇത് പിന്നീട് കോടതിയിലേക്ക് വരെ നീളുകയും ചെയ്തു. 2016-2017 സീസൺ ലീഗ് കിരീടം നേടിയ കൊണ്ടേക്ക് തൊട്ടടുത്ത സീസണിൽ വേണ്ട ട്രാൻസ്ഫർ ഫണ്ട് നൽകാതെ വന്നതോടെയാണ് കൊണ്ടേയും ചെൽസിയും ഇടയുന്നത്.
സാരിക്ക് പകരകാരായി ഉയർന്ന വരുന്ന പേരുകളിൽ പലതും കടുത്ത ചെൽസി ആരാധകർക്ക് പോലും അംഗീകരിക്കാൻ സാധിക്കാൻ പറ്റാത്തതാണ്. ഫ്രാങ്ക് ലംപാർഡിന്റെ പേരാണ് അതിൽ മുൻപന്തിയിൽ. പക്ഷെ ഡർബി കൗണ്ടി മാനേജറായ ഫ്രാങ്ക് ലംപാർഡിന് ചെൽസി പോലൊരു ഭീമൻ ടീമിനെ പരിശീലിപ്പിക്കാനുള്ള അനുഭവ സമ്പത്ത് ഉണ്ടോ എന്ന് കടുത്ത ലംപാർഡ് ആരാധകർക്ക് പോലും സംശയമാണ്. ഡർബിയെ ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനത്ത് നിൽക്കുമ്പോൾ ഏറ്റെടുത്ത ലംപാർഡിന് ടീമിനെ അതേ സ്ഥാനത്ത് ഫിനിഷ് ചെയ്യിപ്പിക്കാൻ മാത്രമാണ് കഴിഞ്ഞ സീസണിൽ സാധിച്ചത്. പ്ലെ ഓഫ് ഫൈനലിൽ പ്രവേശിച്ചെങ്കിലും വില്ലയോട് തോറ്റ് പുറത്തായി.
മുൻ യുവന്റസ് പരിശീലകൻ അല്ലേഗ്രിയാണ് മറ്റൊരു പേര്. പക്ഷെ അദ്ദേഹത്തിന്റെ ഫുട്ബോൾ ശൈലി തീർത്തും ചെൽസി ആരാധകർ പ്രതീക്ഷിക്കുന്നതിന് വിപരീതമാണ്. മറ്റു അപ്രതീക്ഷിത പേരുകളും ചെൽസി പരിഗണിക്കുന്നുണ്ട്. വാട്ട്ഫോർഡ് പരിശീലകൻ ഹാവി ഗാർസിയ, മുൻ ചെൽസി അസിസ്റ്റന്റ് സ്റ്റീവ് ഹോളണ്ട്, വോൾവ്സ് പരിശീലകൻ നൂനോ സാന്റോ, റാഫാ ബെനീറ്റസ്!! എന്നിങ്ങനെ നീളുന്നു ആ നിര.
ഇതിനെല്ലാം പുറമെയാണ് ചെൽസി നേരിടുന്ന ട്രാൻസ്ഫർ വിലക്കും ഹസാർഡിന്റെ ട്രാൻസ്ഫറും. പുലിസിക്ക് പകരം എത്തുന്നുണ്ടെങ്കിലും ഹസാർഡിന്റെ പകരക്കാരൻ ആകുമെന്ന് കടുത്ത ആരാധകർ പോലും പറയുന്നില്ല. കൂടാതെ അമേരിക്കൻ താരമായ പുലിസിക്കിനെ ടീമിൽ എത്തിച്ചത് മാർക്കറ്റിങ് സ്റ്റണ്ട് മാത്രമാണ് എന്ന ആക്ഷേപവും നീല പട നേരിടുന്നുണ്ട്. ട്രാൻസ്ഫർ വിലാക്കിനെതിരെ ചെൽസി കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും ഈ സമയത്ത് ചെൽസിക്ക് പുതിയ കളിക്കാരെ ടീമിൽ എത്തിക്കാനാകില്ല എന്നുറപ്പാണ്.
ആര് ചെൽസി പരിശീലകനായി വന്നാലും ഇംഗ്ലണ്ടിൽ ഒരു ടോപ്പ് 6 ടീം പരിശീലകനും നേരിടേണ്ടി വരാത്തത്ര പ്രശ്നങ്ങളാകും നേരിടേണ്ടി വരിക എന്നുറപ്പാണ്. ആരാധകർക്കും കളിക്കാർക്കും ആശങ്ക മാത്രമാണ് സ്റ്റാംഫോഡ് ബ്രിഡ്ജിൽ നിന്ന് കേൾക്കാനുള്ളത്. ഏത് പ്രതിസന്ധിയിലും കൃത്യമായ ഇടവേളകളിൽ ലീഗോ, ഏതെങ്കിലും കപ്പോ നേടുന്ന ചെൽസി പ്രതിഭാസം പോലെ അത് ഒരു നിഗൂഢതയായി തുടരുകയാണ്.