ചെൽസിയുടെ വിജയകുതിപ്പിന് അവസാനം കുറിച്ച് മാഞ്ചസ്റ്റർ സിറ്റിക്ക് മികച്ച ജയം. ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് സിറ്റി 2-1 ന് ജയിച്ചു കയറിയത്. ജയത്തോടെ 28 പോയിന്റുള്ള സിറ്റി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 26 പോയിന്റുള്ള ചെൽസി നാലാം സ്ഥാനത്ത് തുടരും.
3 ഗോളുകൾ പിറന്ന ആദ്യ പകുതിയിൽ ചെൽസി ലീഡ് എടുത്തെങ്കിലും പിന്നീട് മാഞ്ചസ്റ്റർ സിറ്റി ആക്രമണത്തിന് മുന്നിൽ പാതറിയതോടെ ആദ്യ പകുതിയിൽ സിറ്റി 2-1 നാണ് കളി അവസാനിപ്പിച്ചത്. 21 ആം മിനുട്ടിൽ കാൻറെയുടെ ഗോളിൽ ആണ് ചെൽസി ലീഡ് എടുത്തത്. പക്ഷെ 29 ആം മിനുട്ടിൽ ഡു ബ്രെയ്നെ സിറ്റിയെ ഒപ്പമെത്തിച്ചു. പിന്നീട് 37 ആം മിനുട്ടിൽ മികച്ച സോളോ ഗോളിൽ മഹ്റസ് സിറ്റിക്ക് ലീഡ് സമ്മാനിച്ചു. പിന്നീട് കെപയുടെ പിഴവിൽ നിന്ന് അഗ്യൂറോക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് പന്ത് ഫിനിഷ് ചെയ്യാനായില്ല.
രണ്ടാം പകുതിയുടെ തുടകത്തിലും സമനില ഗോൾ കണ്ടെത്താനാവാതെ വന്നതോടെ ലംപാർഡ് റീസ് ജയിംസ്, മൌണ്ട്, ബാത്ശുവായി എന്നിവരെ കളത്തിൽ ഇറക്കി. പക്ഷെ സിറ്റി പ്രതിരോധം മറികടക്കാൻ അവർക്കായില്ല. കളിയുടെ ഇഞ്ചുറി ടൈമിൽ മൂന്നാം ഗോളും നേടി എന്ന് തോന്നിച്ചെങ്കിലും VAR ഗോൾ അനുവദിച്ചില്ല. ഇന്നത്തെ തോൽവിയോടെ ആറ് മത്സരങ്ങൾ നീണ്ട വിജയ കുതിപ്പിനും അവസാനമായി.