മാപ്പ് പറഞ്ഞ് കെപ്പ, പക്ഷെ ചെൽസി പിഴയിട്ടു

na

സബ്സ്റ്റ്യുഷൻ വിവാദത്തിൽ ചെൽസി ഗോളി കെപ്പ അരിസബലാഗക്ക് ചെൽസി പിഴയിട്ടു. താരത്തിന്റെ ഒരാഴ്ചത്തെ ശമ്പളം പിഴ ഇനത്തിൽ ഈടാക്കി ചെൽസി ഫൗണ്ടേഷന് നൽകുമെന്ന് ക്ലബ്ബ് ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. ക്ലബ്ബിനോടും പരിശീലകനോടും സഹ താരം വില്ലോ കാബലേറോയോടും മാപ്പ് ചോദിക്കുന്നു എന്ന താരത്തിന്റെ പ്രസ്താവനയും ക്ലബ്ബ് പുറത്തിറക്കി.

ലീഗ് കപ്പ് ഫൈനലിൽ എക്സ്ട്രാ ടൈമിൽ അവസാന നിമിഷങ്ങളിലാണ് വിവാദം അരങ്ങേറിയത്. കെപ്പയെ പിൻവലിക്കാൻ സാരി ശ്രമിച്ചെങ്കിലും താരം ഗ്രൗണ്ടിൽ നിന്ന് കയറാൻ തയ്യാറായില്ല. ഇതോടെ സാരി ദേഷ്യപ്പെടുകയും മത്സരം ഏതാനും മിനുട്ടുകൾ നിർത്തി വെക്കുകയും ചെയ്തു. താരത്തിന്റെ ഈ പെരുമാറ്റം ഏറെ വിമർശനങ്ങൾക്ക് വഴി വെച്ചെങ്കിലും പിന്നീട് ഇത് വെറും ആശയ കുഴപ്പം മാത്രമാണെന്ന് സാരി വ്യക്തമാക്കിയിരുന്നു.

കടുത്ത അച്ചടക്ക ലംഘനം നടത്തിയ താരത്തെ പക്ഷെ വെറുതെ വിടാൻ ക്ലബ്ബ് തയാറായില്ല. മാപ്പ് പറഞ്ഞെങ്കിലും പിഴ ശിക്ഷ നൽകാൻ ലണ്ടൻ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു. തെറ്റിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിക്കില്ലെന്നും കെപ്പ പ്രസ്താവനയിൽ ഉറപ്പ് നൽകിയിട്ടുണ്ട്.