സ്റ്റാംഫോഡ് ബ്രിഡ്ജിലേക് ചെൽസി പരിശീലകനായി എത്തിയ ആദ്യ മത്സരത്തിൽ ഫ്രാങ്ക് ലംപാർഡിന് നിരാശ. ലെസ്റ്റർ സിറ്റിയോട് കേവലം ഒരു പോയിന്റ് മാത്രമാണ് അവർക്ക് നേടാനായത്. മികച്ച തുടക്കം നേടിയത് മുതലാക്കാൻ ചെൽസിക്ക് സാധിക്കാതെ വന്നു. ഇരു ടീമുകളും ഓരോ ഗോളുകൾ നേടിയ മത്സരത്തിൽ ചെൽസിക്ക് വേണ്ടി മൗണ്ടും ലെസ്റ്ററിന് വേണ്ടി എൻഡിടിയും ഗോളുകൾ നേടി.
ചെൽസി നിരയിലേക്ക് കാന്റെ, ജിറൂദ് എന്നിവർ തിരിച്ചെത്തിയാണ് അവർ ആദ്യ ഇലവനെ ഇറക്കിയത്. മികച്ച തുടക്കമാണ് ചെൽസി നേടിയത്. പെഡ്രോയും മൗണ്ടും ജിറദും തുടർച്ചയായി ലെസ്റ്റർ ബോക്‌സിൽ ആക്രമണം അഴിച്ചു വിട്ടപ്പോൾ പലപ്പോഴും ഗോളിയുടെ മികച്ച സേവുകളാണ് അവർക്ക് രക്ഷക്ക് എത്തിയത്. പക്ഷെ 7 ആം മിനുട്ടിൽ എൻഡിടിയുടെ കാലിൽ നിന്ന് പന്ത് തട്ടിയെടുത്ത് മൗണ്ട് തൊടുത്ത ഷോട്ട് തടുക്കാൻ സ്മൈക്കളിന് സാധിച്ചില്ല. ലീഡ് എടുത്ത ചെൽസി തുടർച്ചയായി വീണ്ടും ആക്രമിച്ചെങ്കിലും ആദ്യ പകുതിക്ക് പിരിയും മുൻപേ ലീഡ് ഉയർത്താൻ ചെൽസിക്കായില്ല.
രണ്ടാം പകുതിയിൽ പക്ഷെ ലെസ്റ്റർ പരിപൂർണ്ണ ആധിപത്യം സ്ഥാപിക്കുന്നതാണ് കണ്ടത്. തുടർച്ചയായി ചെൽസി ഗോൾ മുഖം വിറപ്പിച്ച അവർക്ക് 67 ആം മിനുട്ടിൽ സമനില ഗോൾ നേടാനായി. മാഡിസന്റെ കോർണറിൽ നിന്ന് എൻഡിടിയാണ് ഗോൾ നേടിയത്. പിന്നീട് ജെയിംസ് മാഡിസന് ലഭിച്ച സുവർണാവസരം താരം നഷ്ടപ്പെടുത്തിയത് ചെൽസിക്ക് ഭാഗ്യമായി. ആദ്യ പകുതിയിൽ പുലർത്തിയ ആധിപത്യം രണ്ടാം പകുതിയിൽ ഒരിക്കൽ പോലും പുലർത്താൻ ചെൽസിക്ക് സാധിക്കാതെ വന്നതോടെ കേവലം ഒരു പോയിന്റ് കൊണ്ട് ലംപാർഡിന് തൃപ്തിപെടേണ്ടി വന്നു.