ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് ജയം. കാർഡിഫിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് മറികടനാണ് സാരിയുടെ ടീം ജയിച്ചത്. മത്സരത്തിൽ ഉടനീളം മികച്ച കളി പുറത്തെടുത്ത കാർഡിഫിനെ റഫറിയിങ് പിഴവുകൾ നൽകിയ ആനുകൂല്യം മുതലാക്കിയാണ് ചെൽസി മറികടന്നത്. ചെൽസി നേടിയ സമനില ഗോൾ ക്ലിയർ ഓഫ് സൈഡ് ആയിരുന്നെങ്കിലും റഫറി ഗോൾ അനുവദിക്കുകയായിരുന്നു. സ്കോർ 1-1 ൽ നിൽക്കേ ചുവപ്പ് കാർഡ് അർഹിച്ച ഫൗൾ നടത്തിയ റൂഡിഗറിന് റഫറി മഞ്ഞ കാർഡ് മാത്രം നൽകിയതും മത്സര ഫലത്തിൽ നിർണായകമായി.
ആദ്യ പകുതിയിൽ ചെൽസി പതിവ് പോലെ മികച്ച പൊസഷൻ നില നിർത്തിയെങ്കിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അവർക്ക് കാര്യമായി ഒന്നും ചെയാനായില്ല. രണ്ടാം പകുതിയിൽ കാർഡിഫ് പക്ഷെ ലീഡ് നേടി. 46 ആം മിനുട്ടിൽ ആർട്ടറിന്റെ പാസ്സിൽ നിന്ന് കമരാസ ചെൽസിയെ ഞെട്ടിച്ചു. പിന്നീടും ചെൽസി ഗോളിനായി ശ്രമിച്ചെങ്കിലും സമനില ഗോളിനായി അവർക്ക് 84 ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. ആലോൻസോയുടെ അസിസ്റ്റിൽ ക്യാപ്റ്റൻ ആസ്പിലിക്വറ്റയാണ് ഗോൾ നേടിയത്. ഓഫ് സൈഡ് ഗോളായിരുനെങ്കിലും റഫറി വിളികാതിരുന്നത് അവർക്ക് രക്ഷയായി.
ഇഞ്ചുറി ടൈമിലാണ് ചെൽസിയുടെ വിജയ ഗോൾ പിറന്നത്. വില്ലിയന്റെ മനോഹരമായ പാസ്സിൽ ഹെഡറിലൂടെ ഗോളാക്കി ലോഫ്റ്റസ് ചീക്ക് കാർഡിഫിന്റെ ഹൃദയം തകർത്തു. 60 പോയിന്റുള്ള ചെൽസി ആറാം സ്ഥാനത്ത് തുടരും.