ഗാർഡിയോളയുടെ വിജയ കുതിപ്പിന് ചെൽസിയുടെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ അന്ത്യം. എതിരില്ലാത്ത 2 ഗോളുകൾക്കാണ് ചെൽസി സിറ്റിയെ മറികടന്നത്. എൻഗോളോ കാന്റെ, ഡേവിഡ് ലൂയിസ് എന്നിവരാണ് ചെൽസിയുടെ വിജയ ഗോൾ നേടിയത്. ഇന്ന് തോറ്റതോടെ സിറ്റി ലിവർപൂളിന്റെ പിറകിലായി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പതിവ് പോലെ തുടക്കം മുതൽ സിറ്റിക്കായിരുന്നു മത്സരത്തിലെ വ്യക്തമായ ആധിപത്യം. സാധാരണ ബഹുഭൂരിപക്ഷം സമയവും പന്ത് കൈവശം കളിച്ചു ശീലമുള്ള സാരിയുടെ ചെൽസി പക്ഷെ ഇത്തവണ പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ സിറ്റിക്ക് കാര്യങ്ങൾ എളുപ്പമായി. സാനെക്ക് ലഭിച്ച മികച്ച അവസരങ്ങൾ ചെൽസി പ്രതിരോധത്തിന്റെ മികച്ച ഇടപെടലുകൾ മൂലമാണ് ഗോളാകാതെ പോയത്. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കും എന്ന ഘട്ടത്തിലാണ് അപ്രതീക്ഷിതമായി ചെൽസിയുടെ ഗോളെത്തിയത്. ഡേവിഡ് ലൂയിസിന്റെ മികച്ച ഒരു ലോങ് ബോളിൽ നിന്ന് തുടങ്ങിയ നീക്കത്തെ ഹസാർഡ് മനോഹര പാസ്സിലൂടെ സിറ്റി ബോക്സിലേക്ക് നൽകി, ഓടിയടുത്ത കാന്റെയുടെ ഷോട്ട് സിറ്റി വലയിൽ. സ്കോർ ആദ്യ പകുതിയിൽ 1-0.
രണ്ടാം പകുതിയിലും ചെൽസി മികച്ച തുടക്കമാണ് നേടിയത്. ഇതോടെ സാനെയെ പിൻവലിച്ച് ഗാർഡിയോള ജിസൂസിനെ കളത്തിൽ ഇറക്കി. പിന്നീടും സിറ്റി ഏതാനും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ചെൽസി കൃത്യമായ ഇടവേളകളിൽ സിറ്റി മുഖം ആക്രമിച്ചു. സിറ്റി സമനില ഗോളിനായി പൊരുതുന്നതിന് ഇടയിലാണ് ചെൽസിയുടെ ജയം ഉറപ്പിച്ച രണ്ടാം ഗോൾ എത്തിയത്. ഹസാർഡിന്റെ കോർണറിൽ നിന്ന് ഡേവിഡ് ലൂയിസിന്റെ ഹെഡർ സിറ്റി വലയിൽ പതിച്ചതോടെ ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി സമ്മാനിക്കുന്ന ആദ്യ ടീമായി സാരിയുടെ നീല പട.