മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ ദിവസം സൈനിംഗ് പൂർത്തിയാക്കിയ എഡിസൻ കവാനി ക്ലബിൽ ഏഴാം നമ്പർ ജേഴ്സി അണിയും. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിലെ ഏറ്റവും വലിയ ജേഴ്സി ആണ് നമ്പർ 7 എങ്കിലും ഇപ്പോൾ അത് ഇടുന്നവർക്ക് ഒക്കെ കഷ്ടകാലമാണ്. അതുകൊണ്ട് തന്നെ കവാനിക്ക് എങ്കിലും ജേഴ്സി നമ്പർ ഏഴിന്റെ നിർഭാഗ്യം മാറ്റാൻ കഴിയുമോ എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഉറ്റു നോക്കുന്നത്.
അവസാനം അലക്സിസ് സാഞ്ചസ് ആയിരുന്നു യുണൈറ്റഡിൽ ഏഴാം നമ്പർ അണിഞ്ഞത്. സാഞ്ചസിന് വളരെ മോശം ഓർമ്മകളാണ് മാഞ്ചസ്റ്ററിൽ ഉള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെക്കാം, ജോർജ് ബെസ്റ്റ് തുടങ്ങി യുണൈറ്റഡ് ഇതിഹാസങ്ങൾ അണിഞ്ഞിരുന്ന ജേഴ്സി ആയിരുന്നു ഏഴാം നമ്പർ ജേഴ്സി. റൊണാൾഡോ പോയ ശേഷം മൈക്കിൾ ഓവൻ മുതൽ അലക്സിസ് സാഞ്ചസ് വരെ ആ ജേഴ്സി അണിഞ്ഞ എല്ലാവരും നിരാശ മാത്രമായിരുന്നു മാഞ്ചസ്റ്ററിന് നൽകിയത്.
റൊണാൾഡോയ്ക്ക് ശേഷം മൈക്കിൽ ഓവൻ, അന്റോണിയ വലൻസിയ, ഡിമറിയ, മെംഫിസ് ഡിപായ്, സാഞ്ചസ് എന്നിവരാണ് യുണൈറ്റഡിൽ ഏഴാം നമ്പർ അണിഞ്ഞത്. യുവതാരം സാഞ്ചോ ആകും അടുത്തതായി യുണൈറ്റഡിൽ ഏഴാം നമ്പർ ആവുക എന്നായിരുന്നു കരുതിയത്. എന്നാൽ സാഞ്ചോ ഈ ട്രാൻസ്ഫർ വിൻഡോയിൽ എത്തിയില്ല. ഇത് കവാനിക്ക് ഈ ജേഴ്സി ലഭിക്കാൻ കാരണമായി. മുമ്പ് നാപോളിയിൽ ഏഴാം നമ്പറിൽ തിളങ്ങിയ ചരിത്രം കവാനിക്ക് ഉണ്ട്.