കവാനിയുടെ അത്ഭുത ഗോളിനും മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിജയത്തിലേക്ക് എത്തിക്കാൻ ആയില്ല

20210519 000246
Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഓൾഡ്ട്രാഫോർഡിലേക്ക് ഒരു വർഷത്തിനു ശേഷം തിരികെ വന്ന ദിവസം കവാനി ആരാധകർക്ക് ഒരു വലിയ വിരുന്ന് തന്നെ ആണ് ഒരുക്കിയത്. സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളാണ് ഇന്ന് ഓൾഡ്ട്രാഫോർഡിൽ കവാനിയുടെ ബൂട്ടിൽ നിന്ന് പിറന്നത്. പക്ഷെ ആ ഗോളിന്റെ ബലത്തിൽ വിജയിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. ഫുൾഹാമിനോട് സമനില വഴങ്ങിയതോടെ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയിലാണ് യുണൈറ്റഡ് ഉള്ളത്.

ഇന്ന് വിജയിച്ച് രണ്ടാം സ്ഥാനം ഉറപ്പിക്കുക തന്നെയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലക്ഷ്യം. ശക്തമായ ലൈനപ്പുമായി ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പതിനഞ്ചാം മിനുട്ടിലാണ് ലീഡ് എടുത്തത്. ഡി ഹിയയുടെ പാസ് ബ്രൂണോ ഫെർണാണ്ടസിന്റെ ഫ്ലിക്കിലൂടെ പന്ത് കവാനിയിലേക്ക് എത്തി. കവാനി അപ്പോൾ ഗോൾ പോസ്റ്റിൽ നിന്ന് 40 വാരയോളം അകലെ ആയിരുന്നു. ഫുൾഹാം ഗോൾ കീപ്പർ അരിയോളയെ ഗോൾ ലൈനിന് പുറത്ത് കണ്ട കവാനി ലോങ് റേഞ്ചിൽ നിന്ന് തന്നെ പന്ത് വലയിൽ എത്തിച്ചു.

കവാനിയുടെ സീസണിലെ പത്താമത്തെ പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്. ഇതിനു ശേഷം ആദ്യ പകുതിയിൽ ബ്രൂണോ ഫെർണാണ്ടസിന്റെ രണ്ട് നല്ല ഷോട്ടുകൾ പിറന്നെങ്കിലും രണ്ടും ഗോളായില്ല. രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരെ തുടരെ ആക്രമണങ്ങൾ നടത്തി എങ്കിലും രണ്ടാം ഗോൾ പിറന്നില്ല. അവസരങ്ങൾ തുലച്ചതിന് യുണൈറ്റഡ് വില കൊടുക്കേണ്ടി വന്നു. 76ആം മിനുറ്റിൽ ഒരു ഹെഡറിലൂടെ ബ്രയാൻ ഫുൾഹാമിന് സമനില നൽകി. ഇതിനു ശേഷം വാൻ ഡ ബീകിനെയും അമദിനെയും ഒക്കെ ഇറക്കി യുണൈറ്റഡ് വിജയഗോളിനായി ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല. 37 മത്സരങ്ങളിൽ 72 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ്.

Advertisement