മാഞ്ചസ്റ്റർ സിറ്റിയുടെ നിർണായക താരങ്ങളിൽ ഒരാളായ ജാവോ കാൻസലോ ഏവരെയും ഞെട്ടിച്ചു കൊണ്ട് ബയേണിലേക്ക് ചേക്കേറിയ ശേഷം പ്രതികരണം അറിയിച്ച് പെപ്പ് ഗ്വാർഡിയോള. അവസാന സീസണുകളിൽ ടീമിൽ ഏറ്റവും കൂടുതൽ അവസരം ലഭിച്ച താരമായിരുന്നു കാൻസലോ എന്നും എല്ലാ മത്സരങ്ങളും കളിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത് എന്നും പെപ്പ് ചൂണ്ടിക്കാണിച്ചു. “ലോകക്കപ്പിന് ശേഷം പ്രീ സീസണിൽ താൻ ടീമിനോടൊപ്പം ചില പുതിയ തന്ത്രങ്ങൾ പരീക്ഷിച്ചു. ഈ പ്രകടനങ്ങൾ തന്നെ സംതൃപ്തനാക്കി. ചില താരങ്ങൾക്ക് കൂടുതൽ സമയം നൽകാൻ താൻ ആഗ്രഹിച്ചു.” പെപ്പ് പറഞ്ഞു. എന്നാൽ കാൻസലോയും മികച്ച പ്രകടനം തന്നെയാണ് കാൻസലോ പരിശീലന സെഷനുകളിലും പുറത്തെടുത്തത് എന്നും പെപ്പ് പറഞ്ഞു. എപ്പോഴും കളത്തിൽ ഇറങ്ങുന്നത് തന്നെയാണ് താരത്തെ കൂടുതൽ സംതൃപ്തനാകുന്നത് എന്നും അതിനാൽ തന്നെ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിനങ്ങളിൽ താരത്തിന് ബയേണിലേക്ക് പോകാനുള്ള ആഗ്രഹത്തിന് തങ്ങൾ സമ്മതം മൂളുകയായിരുന്നു എന്നും പെപ്പ് ചൂണ്ടിക്കാണിച്ചു.
ബയേണിലേക്ക് ചെക്കറിയ താരത്തിന് എല്ലാ ഭാവുകങ്ങളും നേർന്ന ഗ്വാർഡിയോള, എന്നാൽ സീസണിന് ശേഷം കാൻസലോയുടെ ഭാവി എന്താകും എന്ന് ഉറപ്പില്ലെന്നും അറിയിച്ചു. സിറ്റി അവസാനം നേടിയ പ്രിമിയർ ലീഗ് കിരീടങ്ങളിൽ കാൻസലോയുടെ നിർണായക സ്വാധീനം ഉണ്ടായിരുന്നു എന്നും പെപ്പ് പറഞ്ഞു. ടോട്ടനവുമായുള്ള മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്ന പെപ്പ്, അന്റോണിയോ കോന്റെ മികച്ച രീതിയിൽ തന്നെ ടീമിനെ ഒരുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ട്രാൻസ്ഫർ വിൻഡോ ഉഴുതുമറിച്ച ചെൽസിയെ കുറിച്ചുള്ള ചോദ്യത്തിന്, മുൻപ് തങ്ങളെ ബാൻ ചെയ്യാൻ എട്ടോ ഒൻപതോ ടീമുകൾ പ്രീമിയർ ലീഗിൽ പരാതി നൽകിയ സംഭവം ഓർമിപ്പിച്ചു.