ന്യൂകാസിലിൽ പുതിയ കരാർ ഒപ്പിട്ട് കല്ലം വിൽസൺ; 2025 ക്ലബ്ബിൽ തുടരും

Nihal Basheer

ന്യൂകാസിലിനൊപ്പം സമീപ കാലത്ത് തകർപ്പൻ ഫോമിലേക്ക് ഉയർന്ന മുന്നേറ്റ താരം കല്ലം വിൽസൺ ടീമിൽ പുതിയ കരാർ ഒപ്പിട്ടു. താരത്തിന്റെ നിലവിലെ കരാർ അടുത്ത വർഷത്തോടെ അവസാനിക്കാൻ ഇരിക്കെ, മറ്റൊരു സീസണിലേക്ക് കൂടി വിൽസണെ നിലനിർത്താൻ ന്യൂകാസിൽ തീരുമാനിക്കുകയായിരുന്നു. ഇതോടെ 2025വരെ ഇംഗ്ലീഷ് താരം “മാഗ്പീസി”നൊപ്പം ഉണ്ടാവും. കഴിഞ്ഞ മൂന്ന് സീസണുകളിൽ ആയി ക്ലബ്ബിന്റെ ടോപ്പ് സ്‌കോറർ കൂടിയാണ് കല്ലം വിൽസൺ.
Screenshot 20230915 164339 X
2020ലാണ് ബോൺമൗത്തിൽ നിന്നും വിൽസൺ ന്യൂകാസിലിൽ എത്തുന്നത്. ആദ്യ രണ്ടു സീസണുകളിൽ മോശമല്ലാത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചു. പിന്നീട് പുതിയ ഉടമകൾക്കും കോച്ച് എഡീ ഹോവിനും കീഴിൽ ക്ലബ്ബ് തകർപ്പൻ ഫോമിലേക്ക് ഉയർന്നപ്പോൾ കഴിഞ്ഞ സീസണിൽ 18 ഗോളുകൾ ആണ് താരം എതിർ വലയിൽ നിക്ഷേപിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടാൻ സാധിച്ചു. നിലവിലെ സീസണിൽ ഇതുവരെ നാല് മത്സരങ്ങളിൽ നിന്നും 2 ഗോളുകളും വിൽസൺ കുറിച്ചു കഴിഞ്ഞു.