അങ്ങനെ ഏഴര വർഷത്തിനു ശേഷം ചെൽസിയുടെ സെന്റർ ബാക്ക് ഗാരി കാഹിൽ ക്ലബ് വിട്ടു. സീസൺ അവസാനിച്ചതോടെ ക്ലബുമായുള്ള കരാർ അവസാനിച്ച കാഹിൽ ഇനി ചെൽസി ജേഴ്സിയിൽ ഉണ്ടാകില്ല. കഴിഞ്ഞ മാസം തന്നെ താൻ ക്ലബ് വിടുമെന്ന് കാഹ അറിയിച്ചിരുന്നു. അവസാന സീസണുകളിലായി ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞതാണ് കാഹിൽ ക്ലബ് വിടാൻ കാരണം.
2017ൽ ജോൺ ടെറി ക്ലബ് വിട്ടതു മുതൽ കാഹിലായിരുന്നു ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിരുന്നത്. ബോൾട്ടൻ വാണ്ടറേഴ്സിൽ നിന്നായിരുന്നു കാഹിൽ ചെൽസിയിൽ എത്തിയത്. ചെൽസിക്ക് ഒപ്പം നിരവധി കിരീടങ്ങൾ നേടാൻ കാഹിലിനായി. രണ്ട് പ്രീമിയർ ലീഗ് കിരീടം, രണ്ട് എഫ് എ കപ്പ്, രണ്ട് യൂറോപ്പ ലീഗ്, ഒരു ലീഗ് കപ്പ്, ഒരു ചാമ്പ്യൻസ് ലീഗ് എന്നിങ്ങനെ കിരീടങ്ങൾ വാരിക്കൂട്ടാൻ കാഹിലിനായി.
2012ൽ ചാമ്പ്യൻസ് ലീഗ് നേടിയപ്പോഴുള്ള കാഹിലിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. അന്ന് സെമി ഫൈനലിൽ ബാഴ്സലോണയെ പിടിച്ചു കെട്ടിയത് കാഹിലായിരുന്നു. കാഹിലിന്റെ ടെറിയുമായുള്ള കൂട്ടുകെട്ടും, കോണ്ടെയുടെ കീഴിൽ ഉണ്ടായിരുന്ന ഡിഫൻസീവ് 3ലെ പ്രകടനവും ചെൽസി ആരാധകരുടെ കയ്യടി നേടിയിരുന്നു.
ചെൽസി വിട്ടാലും കാഹിൽ പ്രീമിയർ ലീഗിൽ തന്നെ തുടർന്നേക്കും. കാഹിലിനായി നിരവധി വലിയ ക്ലബുകൾ തന്നെ രംഗത്തുണ്ട്.