പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിനു മുമ്പ് താരങ്ങൾ കറുത്ത വർഗ്ഗക്കാരുടെ അവകാശ പോരാട്ടത്തിനു പിന്തുണ ആയി മുട്ടുകുത്തി ഇരിക്കുന്ന സമയത്ത് തന്നെ വിമാനത്തിൽ സ്റ്റേഡിയത്തിനു മൂകളിലൂടെ വിവാദ ബാനർ പറത്തി ബേൺലി ആരാധകർ. താരങ്ങൾ പോരാട്ടത്തിനു പിന്തുണ ആയി ‘ബ്ളാക്ക് ലൈഫ്സ് മാറ്റർ’ എന്നു ജേഴ്‌സിയിൽ കുറിച്ചതിനു എതിരെ ‘വൈറ്റ് ലൈഫ്‌സ് മാറ്റർ ബേൺലി’ എന്നാണ് ബാനറിൽ ഉണ്ടായിരുന്നത്.
നേരത്തെ തന്നെ ‘ഓൾ ലൈഫ്സ് മാറ്റർ’ എന്ന മുദ്രാവാക്യം ബേൺലി താരങ്ങൾ അണിയണം എന്ന ആവശ്യം ഒരു വിഭാഗം ബേൺലി ആരാധകർ ഉയർത്തിയത് വിവാദമായിരുന്നു. അതേസമയം ഈ ബാനറിനെയും വംശീയ വിദ്വേഷം ഉയർത്തുന്ന സന്ദേശതത്തെയും ക്ലബ് തള്ളി പറയുന്നത് ആയി ബേൺലി അധികൃതർ പറഞ്ഞു. സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ അവർ ഇത് ചെയ്ത ആരെയും ക്ലബ് തങ്ങളുടെ മൈതാനം ആയ ടർഫ് മൂറിലേക്ക് സ്വാഗതം ചെയ്യുന്നില്ല എന്നും അറിയിച്ചു. തങ്ങൾ പ്രതിനിധാനം ചെയ്യുന്ന ആശയവും ആയി ഈ സന്ദേശത്തിനു ബന്ധമില്ലെന്നും ബേൺലി പറഞ്ഞു.
എങ്കിലും ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ സംഭവത്തിൽ പ്രീമിയർ ലീഗിനോടും മാഞ്ചസ്റ്റർ സിറ്റിയോടും അധികൃതരോടും ക്ലബ് മാപ്പ് ചോദിക്കുന്നത് ആയും ബേൺലി അറിയിച്ചു. അമേരിക്കയിൽ ജോർജ് ഫ്ലോയിഡ് എന്ന കറുത്ത വർഗ്ഗക്കാരൻ പോലീസ് ക്രൂരതയാൽ കൊല്ലപ്പെട്ട ശേഷം ഉയർന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ ആയി ആണ് ‘ബ്ളാക്ക് ലൈഫ്സ് മാറ്റർ’ എന്ന സന്ദേശം പ്രീമിയർ ലീഗ് ടീമുകൾ അവരുടെ ജേഴ്‌സിയിൽ ആലേഖനം ചെയ്തത്. ഇന്ന് മാഞ്ചസ്റ്റർ സിറ്റി, ബേൺലി താരങ്ങളും ഈ സന്ദേശം തന്നെ ജേഴ്‌സിയിൽ ആലേഖനം ചെയ്തിരുന്നു. എന്നാൽ ഇതിൽ പ്രതിഷേധമുള്ള വംശീയ വിദ്വേഷമുള്ളവരുടെ നിലവിലെ പ്രവർത്തി പ്രീമിയർ ലീഗിൽ പുതിയ വിവാദം ആണ് സൃഷ്ടിച്ചത്.