പ്രീമിയർ ലീഗിൽ അർടെറ്റക്ക് കീഴിൽ ആഴ്സണലിന്റെ കഷ്ടകാലം തുടരുന്നു. ഇന്നലെ സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ റെലെഗേഷൻ ഭീഷണി നേരിടുന്ന ബേൺലിയോടാണ് ഏകപക്ഷീയമായ ഒരു ഗോളിന് ആഴ്‌സണൽ പരാജയപ്പെട്ടത്. ഇന്നത്തെ തോൽവിയോടെ ആഴ്‌സണൽ അവസാനം കളിച്ച 9 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒന്ന് മാത്രമാണ് ജയിച്ചത്.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഓബാമയാങ് വഴങ്ങിയ സെൽഫ് ഗോളാണ് മത്സരത്തിന്റെ വിധി നിർണ്ണയിച്ചത്. ബേൺലിയുടെ സീസണിലെ രണ്ടാമത്തെ വിജയം മാത്രമായിരുന്നു ഇത്. ആഴ്‌സണൽ താരം ഗ്രനിറ്റ് ഷാക്ക മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ രണ്ടാം പകുതിയുടെ ഭൂരിഭാഗവും 10 പേരുമായാണ് ആഴ്‌സണൽ കളിച്ചത്.
1959ന് ശേഷം ആദ്യമായാണ് ആഴ്‌സണൽ തുടർച്ചയായി 4 ഹോം മത്സരങ്ങൾ തോൽക്കുന്നതും. ബേൺലിയോട് തോറ്റതോടെ ആഴ്‌സണൽ പ്രീമിയർ ലീഗിൽ പതിനഞ്ചാം സ്ഥാനത്താണ്.