പ്രീമിയർ ലീഗിൽ തങ്ങളുടെ വിജയകുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. ഇന്ന് നടന്ന മത്സരത്തിൽ ബേൺലിയെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചാണ് സിറ്റി ലീഗിൽ വിജയകുതിപ്പ് തുടരുന്നത്. ദീർഘ കാലമായി പരിക്കിന്റെ പിടിയിലായിരുന്ന ഡി ബ്രൂണെ കളിക്കാനിറങ്ങിയതും സിറ്റിക്ക് ആശ്വാസം നൽകി.
ആദ്യ പകുതി അഗ്വേറോയുടെ ഗോളിലൂടെയാണ് സിറ്റി മുൻപിലെത്തിയത്. തുടർന്ന് ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി ആക്രമണത്തെ ബേൺലി തടഞ്ഞു നിർത്തിയെങ്കിലും രണ്ടാം പകുതിയിൽ ബേൺലി പ്രതിരോധിക്കാൻ മറക്കുകയായിരുന്നു. വിവാധങ്ങളുടെ പിൻബലത്തോടെയാണ് സിറ്റി ബെർണാർഡോ സിൽവയിലൂടെ രണ്ടാമത്തെ ഗോൾ നേടിയത്. കളത്തിനു പുറത്തു പോയ പന്ത് റഫറി കാണാതിരിക്കുകയും സിറ്റി ഗോൾ നേടുകയുമായിരുന്നു. കളത്തിനു പുറത്തു പോവുന്നതിനു മുൻപ് ബേൺലിക്ക് അനുകൂലമായി പെനാൽറ്റിക്ക് വാദിക്കുകയും ഓഫ്സൈഡിന് വേണ്ടി ബേൺലി താരങ്ങൾ കാത്തിരുന്നതും ഗോൾ വീഴാൻ കാരണമായി.
രണ്ടാമത്തെ ഗോൾ നേടിയതോടെ മത്സരം കൈവിട്ട ബേൺലി തുടരെ തുടരെ ഗോൾ വഴങ്ങുകയായിരുന്നു. ഫെർണാണ്ടിഞ്ഞോയും മഹറാസും സനേയുമാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താനും സിറ്റിക്കായി.