ബ്രൂണോയും പോഗ്ബയും ചേർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില നൽകി!!

- Advertisement -

ബ്രൂണൊ ഫെർണാണ്ടസും പോൾ പോഗ്ബയും ഒന്നിച്ച് ഇറങ്ങുന്നത് കാണണം എന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ആഗ്രഹം സഫലമായി. ഈ കൂട്ടുകെട്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനിലയും നൽകി. ടോട്ടൻഹാമിനെതിരെ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് മത്സരം 1-1 എന്ന സമനിലയിൽ ആണ് അവസാനിച്ചത്. മത്സരത്തിൽ മികച്ചു നിന്നെങ്കിലും അവസരങ്ങൾ മുതലാക്കാത്തതും ഡിഫൻസിലെ പിഴവും മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ട് പോയന്റ് നഷ്ടപ്പെടുത്തി.

പോഗ്ബയെ ബെഞ്ചിൽ ഇരുത്തി ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് കളി ആരംഭിച്ചത്. കളി തുടക്കം മുതൽ നിയന്ത്രിച്ചു എങ്കിലും സ്പർസിന്റെ ഒരു കൗണ്ടറിൽ യുണൈറ്റഡ് ഡിഫൻസ് വീണു. മഗ്വയറിന്റെ വേഗതയില്ലായ്മ മുതലെടുത്ത് കുതിച്ച സ്പർസ് വിങ്ങർ ബെർഗ്വിൻ ഡി ഹിയക്ക് നേരെ തൊടുത്ത് ഷോട്ട് ഡിഹിയയുടെ ലോകകപ്പ് ദിനങ്ങളെ ഓർമ്മിപ്പിച്ച് കൊണ്ട് വലയിലേക്ക് പോയി.

രണ്ടാം പകുതിയിൽ പല വിധത്തിലും സമനിലയ്ക്ക് വേണ്ടി ശ്രമിച്ചു എങ്കിലും പോഗ്ബ വരേണ്ടി വന്നി യുണൈറ്റഡിന് ഗോൾ നേടാൻ. പോഗ്ബയുടെ സമർത്ഥമായ ഡ്രിബിളിംഗ് തടയാൻ ഡയർ കയ്യാങ്കളി ഉപയോഗിച്ചപ്പോൾ യുണൈറ്റഡിന് പെനാൾട്ടി ലഭിച്ചു. പോഗ്ബ വിജയിച്ച പെനാൾട്ടി അനായാസം വലയിൽ എത്തിച്ചു കൊണ്ട് ബ്രൂണൊ ഫെർണാണ്ടസ് യുണൈറ്റഡിന് സമനിലയുറപ്പിച്ചു. അവസാനം ഗ്രീൻവുഡിലൂടെ വിജയഗോൾ നേടാൻ അവസരം ഉണ്ടായി എങ്കിൽ പന്ത് ലക്ഷ്യത്തിന് പുറത്തേക്ക് പോയി.

ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിനെ അഞ്ചാം സ്ഥാനത്ത് തന്നെ നിർത്തും. 30 മത്സരങ്ങളിൽ നിന്ന് 46 പോയന്റാണ് യുണൈറ്റഡിന് ഉള്ളത്. 42 പോയന്റുമായി ടോട്ടൻഹാം എട്ടാം സ്ഥാനത്താണ് ഉള്ളത്.

Advertisement