മോശം തുടക്കം വോൾവ്സ് പരിശീലകനെ പുറത്താക്കി

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മോശം തുടക്കത്തെ തുടർന്ന് വോൾവ്സ് പരിശീലകൻ ബ്രൂണോ ലാഗെയെ പുറത്താക്കി. നൂനോ എസ്പിരിറ്റോ സാന്റോസിന് പകരക്കാരനായി വോൾവ്സിൽ എത്തിയ 46 കാരനായ പോർച്ചുഗീസ് പരിശീലകൻ മികച്ച ഫുട്‌ബോൾ കൊണ്ട് ആരാധകർക്ക് പ്രിയപ്പെട്ടവൻ ആയത് പെട്ടെന്ന് ആയിരുന്നു. എന്നാൽ സീസണിലെ മോശം തുടക്കം ആരാധകരെ അദ്ദേഹത്തിന് എതിരെ തിരിച്ചു.

ആരാധക രോക്ഷത്തെ തുടർന്ന് പരിശീലകനെ പുറത്താക്കാൻ വോൾവ്സ് നിർബന്ധിതമാവുക ആയിരുന്നു എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അവസാന മത്സരത്തിൽ വെസ്റ്റ് ഹാമിനോട് 2-0 നു തോറ്റ വോൾവ്സ് നിലവിൽ 8 മത്സരങ്ങൾക്ക് ശേഷം വെറും 6 പോയിന്റുകളും ആയി 18 സ്ഥാനത്ത് ആണ്. വെറും 16 മാസങ്ങൾക്ക് ശേഷം ആണ് ബ്രൂണോ ലാഗെ വോൾവ്സ് വിടുന്നത്. പുതിയ പരിശീലകനെ വോൾവ്സ് ഉടൻ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷ.