ഇന്ന് പ്രീമിയർ ലീഗിൽ ഡേവിഡ് മോയ്സിന്റെ ബ്രില്യൻസ് ആണ് കാണാൻ ആയത്. പന്ത് കൈവശം വെക്കാൻ ബ്രൈറ്റണെ അനുവദിച്ചു കൊണ്ട് ഡി സെർബിയുടെ പൊസഷൻ ബേസ് ചെയ്തുള്ള ടാക്ടിസിനെ വെസ്റ്റ് ഹാമും മോയ്സും പൂട്ടി. ബ്രൈറ്റന്റെ ഹോം ഗ്രൗണ്ടായ അമെക്സ് സ്റ്റേഡിയത്തിൽ ചെന്ന് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം അവർ നേടി. ബ്രൈറ്റൺ 85%ൽ അധികം പന്ത് കൈവശം വെച്ച മത്സരത്തിലാണ് വെസ്റ്റ് ഹാമിന്റെ ഈ വലിയ വിജയം.
ആദ്യ പകുതിയിൽ ഡിഫൻഡർ വെബ്സ്റ്ററിനു പറ്റിയ ഒര്യ് അബദ്ധം മുതലെടുത്ത അന്റോണിയോ പന്തുമായി ബ്രൈറ്റൺ പെനാൾട്ടി ബോക്സിലേക്ക് കുതിച്ചു. അവിടെ വെച്ച് വാർഡ് പ്രോസിന് പന്ത് കൈമാറി. വാർഡ് പ്രോസ് വെസ്റ്റ് ഹാം കരിയറിലെ തന്റെ ആദ്യ ഗോൾ നേടി വെസ്റ്റ് ഹാമിനെ മുന്നിൽ എത്തിച്ചു. ആദ്യ പകുതി 0-1 എന്ന നിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിലും വെസ്റ്റ് ഹാം അതേ ടാക്ടിക്സ് തുടർന്നു. 58ആം മിനുട്ടിൽ ബോവനിലൂടെ വെസ്റ്റ് ഹാം തങ്ങളുടെ രണ്ടാം ഗോൾ നേടി. 63ആം മിനുട്ടിൽ അന്റോണിയോയുടെ വക മൂന്നാം ഗോളും വന്നു. സ്കോർ 3-0.
ബ്രൈറ്റൺ കളിയിലേക്ക് തിരികെ വരാൻ ഏറെ ശ്രമിച്ചു എങ്കിലും വെസ്റ്റ് ഹാമിന്റെ ബസ് പാർക്കിങ് മറികടക്കുക എളുപ്പമായിരുന്നില്ല. 81ആം മിനുട്ടിൽ ഗ്രോസിന്റെ ഒരു ലോംഗ് റേഞ്ചർ ബ്രൈറ്റണ് ഒരു ഗോൾ തിരികെ നൽകി. പക്ഷെ അവരുടെ പോരാട്ടം ആ ഗോളിൽ അവസാനിച്ചു. രണ്ടാം ഗോൾ കണ്ടെത്താൻ ബ്രൈറ്റണ് ആയില്ല. അരിയോളയുടെ മികച്ച സേവുകൾ വെസ്റ്റ് ഹാമിന്റെ ജയം ഉറപ്പിച്ചു.
മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബ്രൈറ്റണ് 6 പോയിന്റും വെസ്റ്റ് ഹാമിന് 7 പോയിന്റുമാണ് ഉള്ളത്. വെസ്റ്റ് ഹാം ഈ ജയത്തോടെ ലീഗിന്റെ തലപ്പത്ത് എത്തി.