ലിവർപൂളിനെ സമനിലയിൽ പിടിച്ച് ബ്രൈറ്റൺ

Newsroom

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ലിവർപൂൾ എഫ് സിയും ബ്രൈറ്റണും സമനിലയിൽ പിരിഞ്ഞു. ബ്രൈറ്റന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 2-2 എന്ന സ്കോറിനാണ് കളി അവസാനിച്ചത്. സലാ ലിവർപൂളിനായി ഇരട്ട ഗോളുകൾ അടിച്ചു.

ലിവർപൂൾ 23 10 08 19 59 08 648

ഇന്ന് അമെക്സ് സ്റ്റേഡിയത്തിൽ മികച്ച രീതിയിൽ തുടങ്ങിയ ബ്രൈറ്റൺ 20ആം മിനുട്ടിൽ ലീഡ് എടുത്തു. യുവതാരം അഡിംഗ്രയുടെ മികച്ച ഫിനിഷ് ആണ് ബ്രൈറ്റണ് ലീഡ് നൽകിയത്‌. എന്നാൽ മുൻ മത്സരങ്ങളിൽ പോലെ ആദ്യം ഗോൾ വഴങ്ങിയ ശേഷം തിരിച്ചടിച്ച് വിജയിക്കുന്ന ലിവർപൂൾ ശീലം ഇന്നും കാണാൻ ആയി. 40ആം മിനുട്ടിൽ നൂനിയസിന്റെ അസിസ്റ്റിൽ നിന്ന് സലാ ലിവർപൂളിന് സമനില നൽകി.

അധികം വൈകാതെ സലാ തന്നെ അവരെ ലീഡിലും എത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു സലാ രണ്ടാം ഗോൾ നേടിയത്.സ്കോർ 2-1.

രണ്ടാം പകുതിയിൽ സമനിലക്കായി ശ്രമിച്ച ബ്രൈറ്റൺ 79ആം മിനുട്ടിൽ ക്യാപ്റ്റൻ ഡങ്കിലൂടെ സമനില കണ്ടെത്തി. ഇതിനു ശേഷം ബ്രൈറ്റണ് ജാവോ പെഡ്രോയിലൂടെ വിജയിക്കാൻ ഒരു അവസരം കിട്ടിയിരുന്നു എങ്കിലും അവസരം മുതലാക്കാൻ ബ്രസീലിയന് ആയില്ല.

ഈ സമനിലയോടെ ബ്രൈറ്റൺ 16 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുന്നു. ലിവർപൂൾ 17 പോയിന്റുമായി മൂന്നാമതും നിൽക്കുന്നു.