പോയിന്റ് പട്ടികയിൽ തൊട്ടടുത്തു നിന്ന ടീമുകളുടെ പോരാട്ടത്തിൽ ബ്രൈറ്റണെ വീഴ്ത്തി ഫുൾഹാം. അവസാന മിനിറ്റ് ഗോളുകൾ നേടി വിജയം നേടാറുള്ള ബ്രൈറ്റണെതിരെ അതേ നാണയത്തിൽ മറുപടി നൽകിയ ഫുൾഹാം എൺപതിയേട്ടാം മിനിറ്റിലാണ് വിജയ ഗോൾ നേടിയത്. ഇതോടെ ബ്രൈറ്റണ് മൂന്ന് പോയിന്റ് മുകളിൽ ആറാം സ്ഥാനത്ത് ഫുൾഹാം നിലയുറപ്പിച്ചു. കുറവ് മത്സരങ്ങൾ കളിച്ചത് ബ്രൈറ്റണ് ആശ്വാസം നൽകും.
ആദ്യ പകുതിയിൽ ബ്രൈറ്റൺ തന്നെ മുന്നിട്ടു നിന്നു. പന്ത് കൈവശം വെക്കുന്നതിലും ഡി സെര്ബിയുടെ ടീം തന്നെ ആയിരുന്നു. ഏഴോളം ഷോട്ടുകൾ ബ്രൈറ്റൺ തൊടുത്തപ്പോൾ ഫുൾഹാമിൽ നിന്നും ഒരു ഷോട്ട് പോലും പിറന്നില്ല. എന്നാൽ ഫിനിഷിങ്ങിലെ പോരായ്മ പതിവ് പോലെ ബ്രൈറ്റണ് തിരിച്ചടി ആയി. രണ്ടാം പകുതിയിൽ വെൽറ്റ്മനെ റോബിൻസൻ വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിച്ചില്ല. മാർച്ചിന്റെ പാസിൽ മക് അലിസ്റ്ററിന്റെ ഷോട്ട് ലെനോ തടുത്തു. ബ്രൈറ്റൺ തുടർച്ചയായി നീക്കങ്ങൾ നടത്തുന്നതിനിടെ 88 ആം മിനിറ്റിൽ ഫുൾഹാമിന്റെ ഗോൾ പിറന്നു. മധ്യ നിരയിൽ നിന്നും വിനിഷ്യസ് കൈക്കലാക്കിയ പന്ത് സോളോമനിലേക് എത്തി. താരം ബോക്സിലേക്ക് കുതിച്ചപ്പോൾ തടയാൻ ബ്രൈറ്റൺ പ്രതിരോധത്തിന് സാധിച്ചില്ല. താരം ഒന്നാന്തരം ഒരു ഷോട്ടിലൂടെ ഗോൾ നേടി. അവസാന മിനിറ്റിൽ മാക് അലിസ്റ്ററിന്റെ ഫ്രീകിക്ക് പോസ്റ്റിന് തൊട്ടുരുമ്മി പോയതോടെ ബ്രൈറ്റണിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു.