ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് ബ്രൈറ്റൺ. യൂറോപ്പ ലീഗിൽ ഏറ്റ പരാജയം മറന്ന പ്രകടനം ആണ് അവർ ഇന്ന് പുറത്ത് എടുത്തത്. ബോർൺമൗതിനെതിരെ പിറകിൽ നിന്ന ശേഷം തിരിച്ചു വന്നാണ് ബ്രൈറ്റൺ വിജയം കൈവരിച്ചത്. മത്സരത്തിൽ ബ്രൈറ്റൺ പന്ത് കൈവശം വെക്കുന്നതിൽ ആധിപത്യം കാണിച്ചു എങ്കിലും ഇരു ടീമുകളും അവസരങ്ങൾ ഉണ്ടാക്കിയതിൽ ഒപ്പത്തിനു ഒപ്പം നിന്നു. 25 മിനിറ്റിൽ ബ്രൈറ്റൺ ഗോളിയിൽ നിന്നു പന്ത് കയ്യിലാക്കിയ റയാൻ ക്രിസ്റ്റിയുടെ പാസിൽ നിന്നു ഡൊമിനിക് സൊളാങ്കെ ബോർൺമൗതി മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു.
എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ഗിൽമോറിന്റെ ക്രോസ് ഹെഡ് ചെയ്യാനുള്ള മിലോസ് കെർകസിന്റെ ശ്രമം സ്വന്തം പോസ്റ്റിൽ പതിച്ചപ്പോൾ ഡി സെർബിയുടെ ടീം സമനില നേടി. രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങി 16 സെക്കന്റുകൾക്ക് ഉള്ളിൽ മിറ്റോമ ബ്രൈറ്റണിനു മുൻതൂക്കം സമ്മാനിച്ചു. ദാഹൂദിന്റെ പാസിൽ നിന്നായിരുന്നു ജപ്പാൻ താരത്തിന്റെ ഗോൾ. 77 മത്തെ മിനിറ്റിൽ എസ്തുപിനാനിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മിറ്റോമ ബ്രൈറ്റൺ ജയം പൂർത്തിയാക്കുക ആയിരുന്നു. സീസണിൽ കളിച്ച ആറിൽ 5 കളിയും ജയിച്ച ഡി സെർബിയുടെ ടീം നിലവിൽ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും പിറകിൽ മൂന്നാം സ്ഥാനത്ത് ആണ്.